ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി നാല് ഭവനസമുച്ചയങ്ങൾ പൂർത്തിയാക്കി വിതരണം ചെയ്തു. ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളാണ് ഇപ്പോൾ വിതരണം ചെയ്തത്. കടമ്പൂർ (കണ്ണൂർ )പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നി സ്ഥലങ്ങളിലാണ് ഭവനസമുച്ചയങ്ങൾ നിർമിച്ചത്.ഇതിലൂടെ 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനായത്.
ലൈഫ് മിഷൻ മുഖേന സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിൽ 2022 ഏപ്രിൽ മുതൽ നാളിതുവരെ അരലക്ഷത്തിലധികം (54,430) വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 60,160 വീടുകളുടെ നിർമ്മാണം വിവിധഘട്ടങ്ങളിൽ പുരോഗമിക്കുന്നു.
രൂപകൽപ്പന
കരിമണ്ണൂരിൽ (ഇടുക്കി) 42 ഉം, കടമ്പൂർ(കണ്ണൂർ) പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം) ഭവന സമുച്ചയങ്ങളിൽ 44 യൂണിറ്റുകളും വീതമാണുള്ളത്, ഭിന്നശേഷിക്കാർക്കും, മറ്റ് ശാരീരിക അവശത ഉള്ളവർക്കുമായി താഴത്തെ നിലയിൽ 2 ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും ഒരു ഹാൾ, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളത്തിനായി കുഴൽ കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയും സ്ഥാപിച്ചു. കെട്ടിടങ്ങൾ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിർമിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് ആണ് കടമ്പൂരിലെ നിർമാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് നിർവഹിച്ചു. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നാല് പദ്ധതിയുടെയും കൺസൾട്ടൻസി നിർവ്വഹണം നടത്തിയത്.
നിർമ്മാണം
എൽജിഎസ്എഫ് സാങ്കേതിക വിദ്യയിൽ കെട്ടിടത്തിന്റെ ഫ്രെയിം നിർമിച്ച്, അത് ഫൈബർ സിമൻറ് ബോർഡ് ഉപയോഗിച്ച് കവർ ചെയ്താണ് ചുമർ നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിത്തിന്റെ നാലു നിലകളും വാർത്തത്. കെട്ടിടത്തിൽ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റം നൽകിയിട്ടുണ്ട്. മുറികളിൽ സെറാമിക് ടൈലും പൊതു ഇടങ്ങളിൽ വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിംഗിന് ഉപയോഗിച്ചത്. ഫാൻ, ലൈറ്റ് എന്നിവയും ഒരുക്കി. വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് എന്നിവയ്ക്കുള്ള സംവിധാനങ്ങളും നൽകിയിട്ടുണ്ട്. സർക്കാർ സബ്സിഡിയോടെ കെട്ടിടത്തിൽ സൗരോർജ പ്ലാൻറുകൾ അനെർട് സ്ഥാപിച്ചു. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോർജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കി.
ഓരോ ഭവനസമുച്ചയത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർക്കുന്നു
1. കണ്ണൂർ ജില്ല – കടമ്പൂർ ഗ്രാമപഞ്ചായത്ത് ഭവനസമുച്ചയം
41.03 സെൻറിൽ നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. കെട്ടിടത്തിന്റ ആകെ വിസ്തീർണം 26857 ചതുരശ്ര അടി. ഇതിൽ ഒരു വീടിന്റെ വിസ്തീർണ്ണം 511.53 ചതുരശ്ര അടിയാണ്. കെട്ടിടത്തിന്റെ കരാർ തുക 6.07 കോടി രൂപയാണ്. കെട്ടിടത്തിനോടനുബന്ധിച്ച് റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവയ്ക്കായി 62.87 ലക്ഷം രൂപയും ചെലവാക്കി. ഇതുൾപ്പെടെ ആകെ ചെലവ് 6.70 കോടി രൂപയാണ്.
2. കോട്ടയം ജില്ല – വിജയപുരം ഗ്രാമപഞ്ചായത്ത് ഭവനസമുച്ചയം
55.8 സെന്റിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിച്ച ഭവനസമുച്ചയത്തിൽ നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. ആകെ വിസ്തീർണം 26848 ചതുരശ്ര അടി. ഇതിൽ ഒരു വീടിന്റെ വിസ്തീർണ്ണം 512 ചതുരശ്ര അടിയാണ്. കെട്ടിടത്തിന്റെ കരാർ തുക 6.73 കോടി രൂപയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവയ്ക്കായി ഏകദേശം 62.35 ലക്ഷം രൂപയാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് 7.35 കോടി രൂപയാണ്.
3. ഇടുക്കി ജില്ല – കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഭവനസമുച്ചയം
ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി 50 സെൻറിൽ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമിച്ച ഭവനസമുച്ചയം നാലു നിലകളിലായി ആകെ 42 യൂണിറ്റുകളാണ് ഉള്ളത്. ഇതിൽ 42 ഭവനങ്ങളും, പൊതു ആവശ്യത്തിനുള്ള ഒരു അംഗൻവാടിയും ഒരു വയോജന കേന്ദ്രവുമാണ് നിർമിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 28830 ചതുരശ്ര അടി. ഇതിൽ ഒരു വീടിന്റെ വിസ്തീർണ്ണം 517 ചതുരശ്ര അടി വീതം. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി ഏകദേശം 83.69 ലക്ഷം രൂപയാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് 7.85 കോടി രൂപ.
4. കൊല്ലം ജില്ല – പുനലുർ മുനിസിപ്പാലിറ്റി ഭവനസമുച്ചയം
കൊല്ലം ജില്ലയിലെ പൂനലൂർ മുനിസിപ്പാലിറ്റിയിലെ ഭൂരഹിത ഭവനരഹിതർക്കായി 50 സെൻറിൽ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമിച്ച ഭവനസമുച്ചയം. നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. നാലുനിലകളിലായി കെട്ടിടത്തിന്റെ ആകെ വിസ്തീർണം 28857 ചതുരശ്ര അടിയാണ്. ഇതിൽ ഒരു വീടിന്റെ വിസ്തീർണ്ണം 511.53 ചതുരശ്ര അടി. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം, മലിനജല സംസ്കരണ പ്ലാൻറ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്.