ഒരു വർഷത്തിനകം കേരളം മാലിന്യ മുക്തം

2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകും . മാലിന്യ സംസ്‌കരണം പൗരധർമമായി ഏറ്റെടുക്കുന്ന സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട്.

മാലിന്യ സംസ്‌കരണത്തിൽ പുലർത്തേണ്ട ശ്രദ്ധയും പ്രാധാന്യവും കാണിക്കുന്ന ചൂണ്ടുപലകയാണു ബ്രഹ്‌മപുരത്തുണ്ടായ സംഭവം. മാലിന്യം ഉറവിടത്തിൽ തരംതിരിക്കാതെ കൂട്ടിക്കലർത്തി നിക്ഷേപിച്ചതാണു ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ കാരണം. ഒരുസ്ഥലത്തും ഇത് ആവർത്തിക്കാൻ പാടില്ല. ഉറവിടത്തിൽത്തന്നെ ജൈവമാലിന്യവും അജൈവ മാലിന്യവും വേർതിരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കപ്പെടണം. ഇതിനു സൗകര്യമില്ലാത്തവർക്കായി പൊതുസംവിധാനം ഒരുക്കണം. അജൈവമാലിന്യം യൂസർഫീ നൽകി ഹരിതകർമ സേനയ്ക്കു കൈമാറണം. മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇവ ശേഖരിക്കുന്നതിനു ഹരിതകർമസേനയെ നിയോഗിക്കണം. സർക്കാർ അംഗീകരിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള കലണ്ടർ അനുസരിച്ച് അജൈവമാലിന്യങ്ങൾ കൈമാറുന്നുവെന്നും ഹരിതകർമസേന അതു ശേഖരിക്കുന്നുവെന്നും ഉറപ്പാക്കണം. ‘ഹരിതമിത്രം’ ആപ്പ് ഇതിനായി ഉപയോഗിക്കണം. 400 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് മാലിന്യ ശേഖരണവും സംസ്‌കരണവും നടക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ‘ഹരിതമിത്രം’ ഉപയോഗിച്ച് മാലിന്യ ശേഖരണം നടക്കുന്നുവെന്ന് ഉറപ്പാക്കണം.

വരുന്ന ജൂൺ അഞ്ചിനു മുൻപ് 100 ശതമാനം മാലിന്യവും ഉറവിടത്തിൽത്തന്നെ തരംതിരിക്കാൻ കഴിയണം. 100 ശതമാനം അജൈവ മാലിന്യത്തിന്റെയും വാതിൽപ്പടി ശേഖരണം നടത്തണം. ജൈവമാലിന്യം ഉറവിടത്തിലോ സാമൂഹ്യതല സംവിധാനത്തിലോ പൂർണമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം സമ്പൂർണമായി നീക്കംചെയ്യണം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തൊഴിലാളി സംഘടനകൾ, സർവീസ് സംഘടനകൾ, സന്നദ്ധ – സാംസ്‌കാരിക സംഘടനകൾ, യുവജന സംഘടനകൾ, വിദ്യാർഥി സംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകൾ, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി എല്ലാ തലങ്ങളിലും ഇതിനായി ജനങ്ങളെ സംഘടിപ്പിക്കണം. ഓരോ വാർഡിലെയും നിശ്ചിത പ്രദേശങ്ങളുടെ ചുമതലകൊടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം. പൊതു ഇടങ്ങൾ വൃത്തിയാക്കണം. ഇത് വിജയകരമായി നടപ്പാക്കി ജൂൺ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വലിച്ചെറിയൽ മുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ച് ഹരിത സഭകൾ സംഘടിപ്പിക്കണം. ഈ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് ജനകീയ പരിശോധനയ്ക്കു സമർപ്പിക്കണം. ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽത്തന്നെ അതുവരെ നടന്ന പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റ് നടത്താൻ കഴിയണം. ഈ ജനകീയ പരിശോധനയിൽ കണ്ടെത്തുന്ന കുറവുകൾ പരിഹരിക്കാനുള്ള നടപടികൾ തുടർന്നുള്ള മാസങ്ങളിൽ നടക്കണം.

2024 മാർച്ച് 30നുള്ളിൽ പൂർണമായും ഡിജിറ്റൽ ട്രാക്കിങ് സംവിധാനത്തോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണം. നിലവിലുള്ള വലുതും ചെറുതുമായ എല്ലാ മാലിന്യക്കൂനകളും വൃത്തിയാക്കി മാലിന്യമുക്തം എന്ന പ്രഖ്യാപനം നടത്തണം. ഈ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എല്ലാ വകുപ്പുകളും പിന്തുണയും സഹായവും നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മാതൃകയാകണം. മുഴുവൻ ഓഫിസുകളും മാലിന്യമുക്തമായ ഹരിത ഓഫിസുകളാക്കി മാറ്റാൻ വകുപ്പ് മേധാവികൾ മുതൽ ഉദ്യോഗസ്ഥർവരെ ശ്രദ്ധിക്കണം. സ്ഥാപനങ്ങളുടെ സംസ്ഥാനതലം മുതൽ സൂക്ഷ്മതലം വരെയുള്ള ഓഫീസ് സംവിധാനം മാലന്യമുക്തമാക്കണം. വകുപ്പിന്റെ സേവനത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്വാഭാവിക ചുമതലകളും ഇതിനൊപ്പം നിർവഹിക്കണം.

പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യൂ വകുപ്പ്, ഫയർ ആൻഡ് റസ്ക്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയവർക്ക് നിയമപരമായ ഇടപെടലുകളിലൂടെ മാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ കഴിയണം. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ്, കുടംബശ്രീ, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, കായിക, സാംസ്‌കാരിക, വനിതാ ശിശുവികസന, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പുകൾ ബോധവത്കരണം നടത്തണം. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ നിർമാർജനത്തിനുവേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ഈ ക്യാംപെയിനിന്റെ ഭാഗമാകാൻ കഴിയുന്ന രീതിയിൽ പൊതുമരാമത്ത്, ടൂറിസം, ദേവസ്വം, പട്ടികജാതി പട്ടികവർഗ, തൊഴിൽ, വൈദ്യുതി, ആസൂത്രണ വകുപ്പുകൾ പ്രവർത്തിക്കണം. വ്യവസായ, എക്സൈസ്, മൃഗസംരക്ഷണ, കൃഷി, ഗതാഗതം, സാമൂഹ്യനീതി വകുപ്പുകൾ വലിയതോതിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണം. ഒരു വകുപ്പിനും ഇതിൽനിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല. എല്ലാ വകുപ്പുകളും അവരുടേതായ പങ്കു വഹിക്കണം. മേയ് 15നു മുൻപ് എല്ലാ ഓഫീസുകളും ഹരിതചട്ടം അനുസരിച്ചു പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും അധികാര പരിധിയിൽ വരുന്ന മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടേയും ചുമതലക്കാരെ വിളിച്ചുചേർക്കണം. എല്ലാ സ്ഥാപന മേധാവികളും ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ മാർഗനിർദേശങ്ങൾ പാലിക്കണം. മാലിന്യ സംസ്‌കരണ മേഖലയിലെ തൊഴിൽ സംരംഭക, തൊഴിലവസര സാധ്യതകളും പരിശോധിക്കപ്പെടണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ഇതിനൊപ്പം അടിയന്തര സ്വഭാവത്തോടെ ഏറ്റെടുക്കണം.

സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ സമയബന്ധിതമായി ഉണ്ടാക്കാനും ഫലപ്രദമായി പ്രവർത്തിപ്പിക്കാനും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കാനും ക്യാംപെയിൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക മികവുള്ളതും പാരിസ്ഥിതികമായി പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതുമായ മാലിന്യസംസ്‌കരണ യൂണിറ്റുകളായ കമ്യൂണിറ്റി കംപോസ്റ്റ്, കമ്യൂണിറ്റി ബയോഗ്യാസ്, എംസിഎഫ്, മിനി എംസിഎഫ്, കക്കൂസ് മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്കെതിരെ ചിലയിടത്ത് സമരങ്ങളും തടസപ്പെടുത്തലുമുണ്ടാകുന്നതു ദുരനുഭവമാണ്. ഇതിനെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണയകറ്റാനും ജനപ്രതിനിധികൾ മുൻകൈയെടുക്കണം. ഇത്തരം യൂണിറ്റുകൾക്കെതിരെയല്ല, മാലിന്യം ജലാശയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വലിച്ചെറിഞ്ഞു മാലിന്യക്കൂനകൾ സൃഷ്ടിക്കുന്നതിനെതിരേയാണ് എതിർപ്പും പ്രതിഷേധവും ഉണ്ടാകേണ്ടത്.

മാലിന്യ ശേഖരണവും സംസ്‌കരണവും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും നൽകുന്ന മികച്ച സേവനമാക്കി മാറ്റാൻ കഴിയണം. ഈ രംഗത്തു മികച്ച സേവനം നൽകാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള പരിമിതികൾ പരിഹരിക്കാൻ ആവശ്യമായ പ്രൊജക്ടുകൾ 2023-24ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കണം. സ്വച്ച് ഭാരത് മിഷൻ പദ്ധതികൾ, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്, അർബൻ അഗ്ലോമറേഷൻ ഗ്രാന്റ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് തുടങ്ങിയ സ്‌കീമുകളും ധനസഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയുമായി സംയോജിപ്പിച്ചു നടപ്പാക്കണം. ഇവയുടെ ആസൂത്രണം, നിർവഹണം, മേൽനോട്ടം, അവലോകനം, പ്രചാരണം തുടങ്ങിയവ ഏകോപിപ്പിച്ച് മാലിന്യമുക്തം നവകേരളം ക്യാംപെയിന്റെ ഭാഗമാക്കണം.

മുപ്പതിനായിരത്തിലധികം ഹരിതകർമ സേനാംഗങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരുടെ പ്രവർത്തനം. 53 ലക്ഷം വീടുകളിൽ ഇവർ മുഖേന സേവനം എത്തുന്നു. 12,676 മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും 1,165 എംസിഎഫുകളും 173 റീജിയണൽ റെസിഡ്യുവൽ ഫെസിലിറ്റികളും പ്രവർത്തിക്കുന്നു. ഇവയ്ക്കൊപ്പം 3,800 ഓളം കമ്യൂണിറ്റി ഫെസിലിറ്റികളുമുണ്ട്. ഇവയിലൂടെ പ്രതിദിനം 173 ടൺ ജൈവ മാലിന്യമാണ് സംസ്‌കരിക്കുന്നത്. 12.5 ലക്ഷത്തോളം ഉറവിട മാലിന്യ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലുമായുണ്ട്. ക്ലീൻ കേരള കമ്പനിയും ഹരിത സഹായ സ്ഥാപനങ്ങളും ബിസിനസ് ഏജൻസികളും ഇവയ്ക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ക്ലീൻ കേരള കമ്പനി മുഖേന മാത്രം പ്രതിദിനം 800 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനു നൽകുന്നുണ്ട്. ശരാശരി 200 ടൺ ഇ-മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ 3,400 ടണ്ണോളം വിവിധ അജൈവ മാലിന്യങ്ങൾ പ്രതിമാസം ക്ലീൻ കേരള കമ്പനി മാത്രം ശേഖരിക്കുന്നുണ്ട്. മൂവായിരം ടണ്ണോളം അജൈവ മാലിന്യമാണ് സ്വകാര്യ ഏജൻസികൾ ശേഖരിക്കുന്നത്. ഇതിനെല്ലാം പുറമേ 13,000 സ്‌ക്രാപ്പ് ബിസിനസുകളും 140 റീസൈക്ലിങ് ഇൻഡസ്ട്രികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്ര വിപുലമായ പ്രവർത്തനമാണു കേരളത്തിൽ മാലിന്യ സംസ്‌കരണ രംഗത്തു നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ഗ്രീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയെയെല്ലാം ഏകോപിപ്പിച്ചാണു മുന്നോട്ടുപോകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണു ശുചിത്വവും മാലിന്യ സംസ്‌കരണവും. 2016ൽ നിലവിൽവന്ന ഖരമാലിന്യ പരിപാലന ചട്ടപ്രകാരം മാലിന്യം അവശേഷിപ്പിക്കുന്നവർക്ക് അതു സംസ്‌കരിക്കാൻ ചുമതലയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ പൊതുജനങ്ങളും മാലിന്യ സംസ്‌കരണത്തിന് ഉത്തരവാദിത്തമുള്ളവരാണ്. സംഭരണ, സംസ്‌കരണ സംവിധാനമൊരുക്കലും വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിനു ചട്ടപ്രകാരമുള്ള മാലിന്യ സംസ്‌കരണ രീതി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണ്. ചട്ടപ്രകാരം മാലിന്യ സംസ്‌കരണം നടത്താത്തവർക്ക് പിഴ ചുമത്താനും അവർക്കെതിരേ നിയമ നടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. മാലിന്യ സംസ്‌കരണത്തിൽ ജനങ്ങൾക്കുള്ള പങ്ക് എന്താണെന്നതിനെക്കുറിച്ചു നല്ല ബോധവത്കരണവും വേണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ എത്ര ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നുവെന്നതു സ്വയം വിമർശനപരമായി പരിശോധിക്കാൻ തയാറാകണം. ഓരോ വാർഡിലെയും വീടുകളും സ്ഥാപനങ്ങളും ഖരമാലിന്യ പരിപാലന ചട്ടപ്രകാരം ചെയ്യേണ്ട കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ച മാലിന്യ പരിപാലന പരിപാടിയും ബൈലോയും അനുസരിച്ചു മാലിന്യം കൈകാര്യംചെയ്യുന്നുവെന്നത് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വാർഡ് അംഗത്തിനും കൗൺസിലർക്കുമാണ്. ഇതു മാതൃകാപരമായി നിർവഹിക്കുന്ന നൂറുകണക്കിനു ജനപ്രതിനിധികളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു പ്രവർത്തനവും ഏറ്റെടുക്കാത്തവരും മാലിന്യ സംസ്‌കരണത്തിനുള്ള ശാസ്ത്രീയ മാർഗങ്ങൾക്കെതിരേ പ്രചാരണം നടത്തുന്നവരുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ കൂട്ടായ ഉത്തരവാദിത്തത്തെ ഇല്ലാതാക്കും. അതിൽനിന്ന് ഒഴിഞ്ഞു നിൽക്കണം.

വ്യക്തി, തദ്ദേശ സ്ഥാപനം, സർക്കാർ എന്നീ മൂന്ന് തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ക്യാംപെയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിയെടുക്കാം.