Koduvayur in Palakkad district is on the first position

പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ ഒന്നാം സ്ഥാനത്ത്

ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ (ഐഎല്‍ജിഎംഎസ്) ഭാഗമായി ഫയല്‍ തീര്‍പ്പാക്കലില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ പുരസ്കാരം. ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രകടനം കൈവരിച്ച പഞ്ചായത്തുകളെയാണ് ആദരിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ പഞ്ചായത്താണ് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയത്. മലപ്പുറത്തെ മൂത്തേടം രണ്ടാം സ്ഥാനത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് മൂന്നാം സ്ഥാനത്തുമെത്തി. അവാര്‍ഡ് ഒക്ടോബര്‍ 28ന് വിതരണം ചെയ്യും. കോട്ടയത്തെ പനച്ചിക്കാട്, പത്തനംതിട്ടയിലെ ഏഴംകുളം, റാന്നി-പെരുനാട് എന്നീ പഞ്ചായത്തുകളാണ് സംസ്ഥാനത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.

ലോകത്തിന്‍റെ ഏത് ഭാഗത്തുമിരുന്ന് 24 മണിക്കൂറും പഞ്ചായത്ത് സേവനങ്ങള്‍ ഉപയോഗിക്കാൻ കഴിയുന്ന ഐഎല്‍ജിഎംഎസ് സംവിധാനത്തിലൂടെ 52 ലക്ഷത്തിലധികം ഫയലുകളാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കൈകാര്യം ചെയ്തത്. ഇതില്‍ 86%ത്തിലധികം ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. സമയബന്ധിതമായും അഴിമതി രഹിതമായും സേവനങ്ങളൊരുക്കുന്ന ഐഎല്‍ജിഎംഎസ് ഇ ഗവേണൻസ് രംഗത്തെ കേരളത്തിന്‍റെ ശ്രദ്ധേയ ചുവടുവെപ്പാണ്.

ഫയല്‍ നടപടിക്രമം കൃത്യതയോടെ നടക്കുന്നതും പൊതുജനങ്ങള്‍ക്ക് കാലതാമസം ഇല്ലാതെ സേവനം ലഭിക്കുന്നതും പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയ കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ 3799 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 3609 അപേക്ഷകളും (94.99%) സെപ്റ്റംബര്‍ 30നകം തന്നെ തീര്‍പ്പാക്കിയിരുന്നു. ഇതില്‍ 3507 ഫയലുകളും സേവനം ഉറപ്പാക്കേണ്ട തീയതിക്ക് മുൻപ് തന്നെ തീര്‍പ്പാക്കിയിരുന്നു.

മാസത്തിലെ ഒരു അവധി ദിനത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാൻ മാത്രമായി ജീവനക്കാരെത്തി. പഞ്ചായത്തുകളെ ഇത്തരത്തില്‍ വിലയിരുത്തുന്നത് പ്രകടനം മെച്ചപ്പെടാൻ സഹായിക്കും. പിന്നിലുള്ള പഞ്ചായത്തുകള്‍ കൂടുതല്‍ മികവോടെ ഇടപെടാൻ ശ്രമിക്കണം.