Online track and trace system for pure toddy

ശുദ്ധമായ കള്ളിന് ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനം

മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ട്രാക്ക് ആൻഡ് ട്രേസ് സംവിധാനവുമായി എക്സൈസ് വകുപ്പ്. കള്ള് ഉദ്പാദനം, വിതരണം , വിൽപ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പു വരുത്തുന്നതാണ് പദ്ധതി. കേരളത്തിൽ പ്രവർത്തിയ്ക്കുന്ന 4800 ഓളം കള്ളുഷാപ്പുകളിലും നൽകുന്ന കള്ള് മായം കലരാത്തതാണെന്ന് ഇതിലൂടെ ഉറപ്പ് വരുത്താൻ സാധിയ്ക്കും.

ട്രാക്ക് ആൻഡ് ട്രേസ് സംവിധാനത്തിലൂടെ കള്ള് ഉദ്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ ഏർപ്പെടുത്തി ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കും. സംസ്ഥാനത്ത് കൂടുതൽ കള്ള് ഉദ്പാദിപ്പിക്കപ്പെടുന്ന പാലക്കാട് ചിറ്റൂർ മേഖലയിലാണ് വിർച്ച്വൽ നമ്പർ, പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയിൽ നൽകുക. കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെർമിറ്റ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനത്തിന് കീഴിലാവും. ഇതുവഴി ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാൽ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സംവിധാനം സഹായകമാകും.