ഇനി സംസ്ഥാനമാകെ എത്തും വാതില്‍പ്പടി സേവനം

സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍, ഓഫീസുകളിലും മറ്റും നേരിട്ടെത്തി സ്വീകരിക്കാനാവാത്ത കിടപ്പുരോഗികളും വയോജനങ്ങളുമടക്കം നിരവധിപേരുണ്ട്. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് വാതില്‍പ്പടി സേവനം. തദ്ദേശ സ്വയംഭരണ വകുപ്പ് മികച്ച രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ അശരണര്‍ക്കും, ഗുരുതര രോഗം ബാധിച്ചവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വിവിധ കാരണങ്ങളാല്‍ ചലന പരിമിതി അഭിമുഖീകരിക്കുന്നവര്‍ക്കും സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുക എന്നതാണ് വാതില്‍പ്പടി സേവനം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 50 തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ്.

2021 ഓഗസ്റ്റ് 12നാണ് വാതില്‍പ്പടി സേവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. സപ്തംബറില്‍ പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുത്ത 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. സാമൂഹിക സന്നദ്ധസേന പ്രവര്‍ത്തകര്‍, വാര്‍ഡ് പ്രതിനിധി, ആശ വര്‍ക്കര്‍, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട സമിതി സര്‍ക്കാരിന്റെ മുഖമായി തുണയില്ലാത്ത മനുഷ്യരിലേക്ക് സേവനങ്ങള്‍ എത്തിച്ചു. ആജീവനാന്ത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള അപേക്ഷ തയാറാക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

2021 നവംബര്‍ ഒന്നിന് നടപ്പാക്കിയ വാതില്‍പ്പടി സേവനം പദ്ധതിയില്‍ 13,684 പേര്‍ക്ക് ഇതുവരെ സഹായങ്ങള്‍ എത്തിക്കാനായി. ജീവന്‍ രക്ഷാമരുന്നുകള്‍ക്കുള്ള അപേക്ഷകള്‍ -11520, മസ്റ്ററിങ് അപേക്ഷകള്‍-640, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍- 446, ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍-664, ലൈഫ് സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍-414 എന്നിങ്ങനെ സേവനങ്ങള്‍ എത്തിച്ച് നല്‍കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് തീര്‍ത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും വാതില്‍പ്പടി സേവനം നടപ്പിലാക്കാനായത് വലിയ നേട്ടമാണ്. വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികള്‍ കൃത്യമായ ഇടവേളകളില്‍ ഗൃഹ സന്ദര്‍ശനം നടത്തി, ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് സേവനങ്ങള്‍ യഥാസമയം എത്തിച്ചു നല്‍കുന്നു.

സേവനങ്ങള്‍ നല്‍കുന്നതിന്റെ എണ്ണത്തേക്കാള്‍ ഇത്തരം സേവനങ്ങള്‍ സ്ഥിരമായി നല്‍കാനുളള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാധ്യമാക്കുക എന്ന ലക്ഷ്യം ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. സേവനങ്ങള്‍ നല്‍കാന്‍ തദ്ദേശ വാര്‍ഡ് തലത്തില്‍ സ്ഥിരം സംവിധാനം ഉണ്ടാകും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ആളുകളെ സേവിക്കാനും തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ഭാഗമാകാനും വാതില്‍പ്പടി സേവനത്തിലൂടെ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പ്പര്യമുളളവര്‍ക്ക് സാമൂഹിക സന്നദ്ധസേനയുടെ വെബ്‌സൈറ്റായ www.sannadhasena.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്യാം. നിരാലംബര്‍ക്ക് സേവനങ്ങള്‍ നല്‍കുക മാത്രമല്ല, അവരുടെ കൈയില്‍ സേവനങ്ങള്‍ എത്തിക്കുകയെന്ന കടമ കൂടി നിറവേറ്റുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി സജീവമാകുന്നതോടെ അനേകം അശരണര്‍ക്ക് പദ്ധതി സഹായമാകും.