The annual plan submission approval process for the financial year 2024-25 has been completed

2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സമർപ്പണ അംഗീകാര നടപടികൾ പൂർത്തിയായി

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സമർപ്പണ അംഗീകാര നടപടികൾ പൂർത്തിയായി. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 87 നഗരസഭകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 6 കോർപ്പറേഷനുകൾ ഉൾപ്പെടെ 1200 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളാണ് തയ്യാറായത്. ആകെ 17909.28 കോടി രൂപയുടെ 1,77,597 പദ്ധതികളാണ് വിവിധ വികസന മേഖലകളിലായി തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ഉത്പാദന മേഖലയിൽ 1922.75 കോടി രൂപയുടെയും സേവന മേഖലയിൽ 11961.76 കോടി രൂപയുടെയും പശ്ചാത്തല മേഖലയിൽ 4024.76 കോടി രൂപയുടെയും പദ്ധതികളാണ് വരുന്ന സാമ്പത്തിക വർഷം ഏറ്റെടുക്കുന്നത്. സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ പദ്ധതികൾ അന്തിമമാക്കി സമർപ്പിച്ച എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതോടെ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നിർവഹണം ആരംഭിക്കാൻ കഴിയും. അതുവഴി സമയബന്ധിതവും കാര്യക്ഷമവുമായി പ്രവൃത്തികൾ പൂർത്തിയാക്കാനാവും. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കാര്യക്ഷമമായ ഇടപെടൽ പദ്ധതി നടത്തിപ്പിലും പ്രതീക്ഷിക്കുന്നു.

ശുചിത്വ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിൽ മുഖ്യ പ്രാധാന്യം നൽകിയിരിക്കുന്നത്. ശുചിത്വ പദ്ധതികൾക്ക് പൊതുവായി 327.12 കോടിയും, ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 419.93 കോടിയും, ദ്രവമാലിന്യ പദ്ധതികൾക്ക് 130.68 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ മാലിന്യ സംസ്കരണ മേഖലയ്ക്ക് മാത്രം 877.73 കോടി രൂപയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നീക്കിവെച്ചിരിക്കുന്നത്. 633.12 കോടി രൂപയുടെ പദ്ധതികൾ കാർഷിക മേഖലയിലും, 6482.17 കോടി രൂപ ഭവനനിർമ്മാണത്തിനും, 715.38 കോടി വിദ്യാഭ്യാസ മേഖലയ്ക്കും, 3052.29 കോടി റോഡ്-നടപ്പാത ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.