More than eighty two thousand homes soon through Life

ലൈഫ് വഴി ഉടൻ എൺപത്തി രണ്ടായിരത്തിലധികം വീടുകൾ

പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 12,313 വീടുകൾ കൂടി നിർമ്മിക്കാൻ‍ അനുമതി ലഭിച്ചു. വീടുകൾ നിർമ്മിക്കാനുള്ള 492.52 കോടിയിൽ 307.83 കോടി സംസ്ഥാന വിഹിതവും 184.69 കോടി കേന്ദ്രവിഹിതവുമാണ്. ഇതോടെ‍ ലൈഫ് 2020ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഉടനടി വീട് ലഭിക്കുന്നവരുടെ എണ്ണം എൺപത്തിരണ്ടായിരത്തിലധികമാകും. 2017ലെ ലൈഫ് പട്ടികയിലെ ഗുണഭോക്താക്കളും 2019ലെ അഡീഷണൽ പട്ടികയിലെ ഗുണഭോക്താക്കളുമായ 27,833പേർ ഈ സാമ്പത്തിക വർഷം കരാറിലേർപ്പെട്ട് വീട് നിർമ്മാണം ഇതിനകം പൂർത്തായാക്കിയിട്ടുണ്ട്. ഇതിന് പുറമേ 2017, 2019 പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ 29,189 വീടുകൾ നിർമ്മാണത്തിൻറെ അവസാന ഘട്ടത്തിലാണ്. പുതിയതായി എൺപത്തിരണ്ടായിരത്തിലധികം ഗുണഭോക്താക്കൾ കൂടി കരാറിലേർപ്പെട്ട് വീട് നിർമ്മാണം ആരംഭിക്കുന്നതോടെ, ഈ വർഷം സർക്കാർ ലക്ഷ്യംവെച്ച 1,06,000വീട് എന്നതും മറികടന്ന് ലൈഫ് പദ്ധതി മുന്നോട്ടുകുതിക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 3,14,425 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഭൂരഹിതരായ ഭവനരഹിതരുടെ വിഷയം മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ പരിഹരിക്കാനും ഊർജിത ശ്രമം തുടരുകയാണ്.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ഞൂറ് കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കെയുആർഡിഎഫ്സി മുഖേന സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരുന്നു. ഇതുവഴി പുതിയ പട്ടികയിലെ എഴുപതിനായിരത്തോളം വീടുകളുടെ നിർമാണം പൂർത്തിയാക്കാനാകും. ഇതിന്‌ പുറമേ 2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതർക്കും, 2019ലെ പട്ടികജാതി/ പട്ടികവർഗ/ ഫിഷറിസ് അഡീഷണൽ ലിസ്റ്റിലെയും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ, ഈ വർഷം ഭവനപദ്ധതിക്കായി വകയിരുത്തിയ‍ വികസനഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാൻ സാധ്യതയുള്ളതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്താൻ സാധിക്കുന്നതുമായ പരമാവധി തുകകളും വിനിയോഗിച്ച്, ഭൂമിയും വീടും നൽകാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്.

ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്ന് പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സർവേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ആദ്യം പരിഗണിക്കുക. 2017ലെ പട്ടികയിൽ നിന്ന് ഇനിയും കരാർ വെച്ച് ഫണ്ട് അഭ്യർഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം 2020 പട്ടികയിലുള്ളവർക്ക് അവസരം നൽകും. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ഫണ്ട് അഭ്യർഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കാം. ‍ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കൾ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ ഭൂമി വാങ്ങിയാലും, ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.