സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതി കൊല്ലത്ത് ഒരുങ്ങുന്നു

കൊല്ലം കോർപ്പറേഷനിലെ 100 എം എൽ ഡി വസൂരിച്ചിറ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്, കുരീപ്പുഴ 12 എം എൽ ഡി സിവറേജ് ട്രീറ്റ്മെൻറ് പ്ലാൻറ് എന്നീ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതികളിലൊന്നാണ് കൊല്ലത്ത് ഒരുങ്ങുന്നത്. 565.55 കോടി രൂപ ചെലവ് വരുന്ന പദ്ധതി, കല്ലടയാറിൽ നിന്ന് പ്രതിദിനം 10 കോടി ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വീടുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കിഫ്ബിയുടെ സഹായത്തോടെയാണ് നഗരസഭ അമൃത് 1, 2 പദ്ധതികളിൽക്കൂടി ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. കിഫ്ബി പദ്ധതിക്കായി നൽകുന്നത് 235 കോടി രൂപയാണ്. അമൃത് 1,2 പദ്ധതികളിലായി 203.27 കോടി രൂപ സംസ്ഥാന- നഗരസഭാ വിഹിതമായി നൽകുന്നു. കൊല്ലം കോർപറേഷനിലെ 4 ലക്ഷത്തോളം പേർക്കും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ പദ്ധതിക്ക് കഴിയും. പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കുരീപ്പുഴയിലെ സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം ജനുവരി രണ്ടാം വാരം പൂർത്തിയാക്കി കമ്മീഷൻ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിദിനം ഒരുകോടി 20 ലക്ഷം ലിറ്റർ മലിനജലം സംസ്കരിച്ചു ശുദ്ധീകരിക്കുന്ന പ്ലാന്റാണ് ഒരുങ്ങുന്നത്. 85%ത്തിലധികം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇലക്ട്രോ മെക്കാനിക്കൽ സപ്ലൈ ആൻഡ് ഇൻസ്റ്റലേഷൻ നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.