A thousand ponds were dedicated to the nation on World Water Day

ലോക ജലദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 1000 കുളങ്ങൾ സംസ്ഥാനത്തിന് സമർപ്പിച്ചു. വാമനപുരം കളമച്ചലിലെ അയിലത്തുവിളാകം ചിറയാണ് ആദ്യമായി തുറന്നു നൽകിയത്. മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രകാരമായിരുന്നു ജോലികൾ നടത്തിയത്. മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയെ
കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. ജലസംഭരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി നടത്തേണ്ടതുണ്ട്. 55,668 പ്രവൃത്തികളിലായി ഈ വർഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനാണ് ‘ഹരിതകേരളം’, ‘നീരുറവ്’ പോലുള്ള പദ്ധതികളിലൂടെ ശ്രമിക്കുന്നത്.  സംസ്ഥാന തലത്തിലും , എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കുളങ്ങളുടെ ഉദ്ഘാടനം നടന്നു. സംസ്ഥാനമൊട്ടാകെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1081 കുളങ്ങളാണ് നിർമിച്ചത്.

രാജ്യത്ത് മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്  കേരളം. പദ്ധതിയിൽ 100 ശതമാനം സോഷ്യൽ ഓഡിറ്റ് നടക്കുന്നതിനാൽ ക്രമക്കേടുണ്ടെങ്കിൽ, അത് കണ്ടെത്താനുള്ള സംവിധാനവുമുണ്ട്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനവും സ്ത്രീകൾ ആണെന്നതിനാൽ സ്ത്രീ ശക്തിയുടെ കൂടി വിജയമാണ് പദ്ധതി. കൂടുതൽ തൊഴിൽ ദിനങ്ങളും വരുമാനവും സ്ത്രീകൾക്ക് ലഭിക്കുന്നു. സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയെ മാലിന്യസംസ്കരണവുമായും ബന്ധിപ്പിക്കും. 

 നൂറുദിനപരിപാടികളുടെ ഭാഗമായി രണ്ടായിരം കുളങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ്  നടന്നത്. മെയ് 20 ഓടെ കുളങ്ങളുടെ എണ്ണം 2000 ആയി ഉയർത്തും.