Entertainment tax on World Cup warm-up matches has been completely waived

ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂർണമായി ഒഴിവാക്കി

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക്‌ നിർദ്ദേശം നൽകി. ടിക്കറ്റ് നിരക്കിന്റെ 24% മുതൽ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് 12%വും 5%വുമായിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്. കായികപ്രേമികളുടെ അഭ്യർഥന മാനിച്ചാണ് നികുതി പൂർണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും, കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇന്ത്യ- നെതര്‍ലാന്‍ഡ് പോരാട്ടം മൂന്നാം തീയതിയാണ്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമാണ്‌ ഇത്. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെയും 30ന് ദക്ഷിണാഫ്രിക്ക നെതർലന്റിനെയും ഒക്ടോബർ 2ന് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെയും നേരിടും.