Life 2020: Home construction begins

ലൈഫ് 2020: വീട് നിര്‍മ്മാണത്തിന് തുടക്കമാകുന്നു

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുൻഗണന നല്‍കിയാകും പ്രക്രീയ ആരംഭിക്കുക. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക വർഗസങ്കേതങ്ങളിൽ വീടുവെക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക്‌‌ ആറ് ലക്ഷം രൂപയാണ്‌ ധനസഹായം. മറ്റുള്ളവർക്ക്‌ നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കാൻ സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ എന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ സർക്കാർ പ്രവർത്തിക്കുന്നത്. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിര്‍ണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതി.

ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്‍റെ ഒന്നാംഘട്ടത്തില്‍ പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360ആണ്. സി ആര്‍ ഇ‍സെഡ്, വെറ്റ്ലാൻഡ് പ്രശ്നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കും . ‘മനസോടിത്തിരി മണ്ണ്’ പദ്ധതിയിലൂടെ നിലവില്‍ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വിതരണം ചെയ്യും. കൂടുതല്‍ ഭൂമി സംഭാവന ചെയ്യാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണം.