Anti-drug activities are in full swing: Minister MV Govindan Master

ലഹരിയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ് : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : സമൂഹത്തിന് ദോഷകരമായ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളായ എക്‌സൈസ്, പോലീസ് കേന്ദ്ര ഏജന്‍സികളായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ മുഖേന ശക്തമായ പ്രവര്‍ത്തനമാണ് നടന്നുവരുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. കാസര്‍ഗോഡ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് കണ്ടെടുത്ത കേസുകളുടെ എണ്ണവും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവും പരിശോധിച്ചതില്‍ നിന്നും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി കണക്കാക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ കൂടാതെ സിന്തറ്റിക് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കളും അടുത്ത കാലത്തായി എക്‌സൈസ് വകുപ്പ് കണ്ടെത്തി കേസെടുക്കുന്നുണ്ട്.എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അളവില്‍ മയക്കുമരുന്ന് 2021-22 കാലഘട്ടത്തില്‍ കണ്ടെടുത്തിട്ടുണ്ട്. 2021-22 വര്‍ഷങ്ങളില്‍ എക്‌സൈസ് വകുപ്പ് 4602 എന്‍.ഡി.പി.എസ്. കേസുകള്‍ കണ്ടുപിടിക്കുകയും അതിലൂടെ 7 കിലോഗ്രാം എം.ഡി.എം.എ., 6110 കിലോഗ്രാം ഗഞ്ചാവ്, 33.5 കിലോഗ്രാം ഹാഷിഷ് ഓയില്‍, 25 ഗ്രാം ഹെറോയിന്‍, 108 ഗ്രാം ബ്രൗണ്‍ഷുഗര്‍, 172 ഗ്രാം ചരസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട് മന്ത്രി വിശദീകരിച്ചു.

എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകളായ എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ജില്ലാതലത്തിലുള്ള എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന് പുറമെ എക്‌സൈസ് കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും മൂന്ന് മേഖലാ സ്‌ക്വാഡുകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്ത്, വിപണനം എന്നിവ സംബന്ധിച്ചുള്ള രഹസ്യവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്റ്റേറ്റ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. എക്‌സൈസ് ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കൊറിയര്‍/പാഴ്‌സല്‍ സര്‍വ്വീസുകള്‍ വഴി എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നുകള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കുന്ന അനധികൃത ലഹരി വസ്തുക്കളുടെ കടത്ത്, വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് തല കമ്മിറ്റി രൂപീകരിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ താഴെ തട്ടില്‍ തന്നെ കണ്ടെത്തി ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിന് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചും മറ്റ് വകുപ്പുകളുമായി ചേര്‍ന്നും വിപുലമായ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംങ്ങും ചികിത്സയും നല്‍കുന്നതിനായി 14 ജില്ലകളിലും വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയില്‍ വ്യക്തമാക്കി.