Kerala kicks off goal challenge against drugs to score two crore goals

മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് ക്യാമ്പയിന് തുടക്കമായി. ഫുട്ബോൾ ലോകകപ്പ്‌ ആവേശത്തെ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിൻറെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രിമാരും വിശിഷ്ടാതിഥികളും സ്പോർട്സ് താരങ്ങളും കുട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം ഗോളടിച്ച് ക്യാമ്പയിൻറെ ഭാഗമായി. ആദ്യദിനത്തിൽ ഉദ്ഘാടന വേദിയിൽ തന്നെ 1272 ഗോളുകളാണ് ഗോൾ ചലഞ്ചിൻറെ ഭാഗമായി രേഖപ്പെടുത്തിയത്. എല്ലാ മലയാളികളും ഗോളടിച്ച് ലോകകപ്പ് ആവേശത്തിൻറെയും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൻറെയും ഭാഗമാകണം.

എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും നവംബർ 17 മുതൽ 25 വരെയാണ് ക്യാമ്പയിൻ. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നവംബർ 17,18 തീയതികളിൽ ഗോൾ ചലഞ്ച് നടക്കും. സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റസിഡൻറ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നവംബർ 28 മുതൽ ഡിസംബർ 10വരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബർ 10മുതൽ 18 വരെ ഫ്ലാഷ് മോബിൻറെ അകമ്പടിയോടെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ സെലിബ്രെറ്റി ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും.