Freshwater flowing Nava Kerala

തെളിനീരൊഴുകും നവകേരളം – ജനകീയ ക്യാമ്പയിൻ ദ്രവമാലിന്യ പരിപാലനത്തിലെ സുപ്രധാന ചുവടുവയ്പ്പ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ദ്രവമാലിന്യ പരിപാലന മേഖലയിൽ കേരളത്തിന്റെ സമഗ്രമായ ചുവടുവയ്പ്പായിരിക്കും ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിനെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ‘തെളിനീരൊഴുകും നവകേരളം’ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലെെനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരളം കർമ്മപദ്ധതി -2ന്റെ ഭാഗമായി ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പരിപാടിയുടെ തുടർച്ചയായാണ് ‘തെളിനീരൊഴുകും നവകേരളം’ ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നത്.

ശാസ്ത്രീയ ദ്രവമാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിനാണ് ‘തെളിനീരൊഴുകും നവകേരളം’ എന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകാരികളായ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇവ ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മാലിന്യനിക്ഷേപം തടയുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കർമ്മപദ്ധതി രൂപീകരിക്കും.
അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അനുബന്ധ ഏജൻസികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പദ്ധതി സംയോജനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും ശാസ്ത്രീയ ഖര, ദ്രവ മാലിന്യ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവി കെെവരിക്കുന്നതിന് പ്രാപ്തമാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി വിദ്യാർഥികളെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് ക്യാമ്പയിൻ നടപ്പിലാക്കുക.

സർവതല സ്പർശിയായ വിവര വിജ്ഞാന വ്യാപന ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ്ണ ജലശുചീകരണ യജ്ഞത്തിലൂടെ ജലസ്രോതസ്സുകളുടെ വൃത്തിയും ശുചിത്വവും നിലനിർത്തുക, വാതിൽപ്പടി പാഴ് വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എല്ലാ തലങ്ങളിലൊരുക്കിയും ജലസ്രോതസ്സുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക, മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന ക്യാമ്പയിൻ പ്രവർത്തനങ്ങളെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.