സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകൾക്ക് തുടർച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂർണസജ്ജമായി നിലവിൽ വന്നു. adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാത്ത ഫയലുകൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. കെട്ടിട നിർമ്മാണ പെർമ്മിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം, കെട്ടിട നമ്പറിംഗ്, ലൈസൻസുകൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. ജനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദാലത്ത് സമിതികൾ സഹായകരമാകും. അഴിമതിമുക്തവും സമയബന്ധിതവുമായ സേവനങ്ങളൊരുക്കാൻ, ഉദ്യോഗസ്ഥ തലത്തിലെ ഈ നിരീക്ഷണം ഫലപ്രദമാകും. പൊതുജന സേവന സംവിധാനമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് സേവനം ലഭിക്കുന്നതുമായ ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഓൺലൈനായി ഈ സൗകര്യം പ്രയോജനപെടുത്തണം.

പഞ്ചായത്ത്/ മുൻസിപ്പൽ തലത്തിലെ പരാതികൾ ഇന്റേണൽ വിജിലൻസ് ഓഫീസർ കൺവീനറായ ഉപജില്ലാ തല അദാലത്ത് സമിതികൾ പരിശോധിക്കും. ഈ സമിതികൾക്ക് പരിഹരിക്കാനാവാത്ത പരാതികളും, കോർപറേഷനുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ ജോയിന്റ് ഡയറക്ടർ അധ്യക്ഷനും അസിസ്റ്റന്റ് ഡയറക്ടർ കൺവീനറുമായ ജില്ലാ തല അദാലത്ത് സമിതി പരിഗണിക്കും. ജില്ലാ സമിതികൾക്ക് പരിഹരിക്കാനാവാത്ത പരാതികൾ പരിഗണിക്കാൻ പ്രിൻസിപ്പൽ ജയറക്ടർ അധ്യക്ഷനായ സംസ്ഥാന അദാലത്ത് സമിതിയും നിലവിൽ വന്നിട്ടുണ്ട്. ഉപജില്ലാ അദാലത്ത് സമിതികൾ 10 ദിവസത്തിലൊരിക്കലും. ജില്ലാ സമിതി 15 ദിവസത്തിലും സംസ്ഥാന സമിതി 30 ദിവസത്തിലൊരിക്കലും നിർബന്ധമായും യോഗം ചേർന്ന് പരാതികൾ തീർപ്പാക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. സമയബന്ധിതമായും നീതിയുക്തമായും ഫയലുകളിൽ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനുൾപ്പെടെ അദാലത്ത് സമിതികൾക്ക് അധികാരമുണ്ടാകും. മെയ് 20നാണ് ആദ്യ ഉപജില്ലാ അദാലത്തുകൾ നടന്നത്. സംസ്ഥാനത്താകെ ലഭിച്ച 152 പരാതികളിൽ 96എണ്ണവും അന്നുതന്നെ പരിഹരിക്കാനായി. ജില്ലാ സമിതി പരിഗണിക്കാനായി 3 എണ്ണം കൈമാറി. മെയ് 30ന് ചേർന്ന രണ്ടാമത് ഉപജില്ലാ അദാലത്തിൽ 242 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 91 എണ്ണത്തിന് അന്നുതന്നെ പരിഹാരം കണ്ടു, 52 പരാതികളിൽ ഇടക്കാല പരിഹാരം കാണാനായി. മേൽസമിതിക്ക് 4 പരാതികളാണ് കൈമാറിയത്. തീർപ്പാക്കിയ പരാതികളിൽ കൃത്യമായ നടപടി സ്വീകരിച്ചെന്ന് ഉറപ്പാക്കാനും അദാലത്ത് സമിതികൾക്ക് ഉത്തരവാദിത്തമുണ്ട്. ഇതിന് പുറമേ, ജനങ്ങളുമായി സംവദിച്ച് സേവനവുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അദാലത്ത് സമിതികൾക്ക് കഴിയും.