ഡിസംബറോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭിക്കും

ഡിസംബറോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ജനങ്ങൾക്ക് മൊബൈൽ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാസ്ത്ര സാങ്കേതിക മേഖലയിൽ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി പൊതുജനത്തിന് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഐകെഎം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനുള്ള നടപടികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകും.

വിജ്ഞാന സമൂഹമായി വളരുന്ന സംസ്ഥാനത്തെ വിജ്ഞാന സാമ്പത്തിക സമൂഹമാക്കി മാറ്റുകയെന്നതാണ് സർക്കാർ ലക്ഷ്യം. കെ ഫോൺ കേരളത്തിനല്ലാതെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ പോലും സാധിക്കാത്ത ഡിജിറ്റൽ വിപ്ലവ ആശയമാണ്. ഇതുമാത്രമല്ല തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കും.

20 ലക്ഷത്തോളം അഭ്യസ്തവിദ്യരായ 58.3 ശതമാനം സ്ത്രീകളുൾപ്പെട്ട യുവാക്കൾക്ക് കെ ഡിസ്‌ക് വഴി ജോലി ഉറപ്പാക്കും. കുടുംബശ്രീ വാർഡിന് ഒന്നെന്ന നിലയിൽ രൂപീകരിക്കുന്ന ചെറുകിട യൂണിറ്റുകൾ വഴി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ മേഖല വികസിക്കും. ലോക ഹാപ്പിനെസ് ഇൻഡക്സിൽ 131-ാം സ്ഥാനത്താണ് ഇന്ത്യ. ഈ പട്ടികയിൽ ഇന്ത്യയെ മുന്നിലെത്തിച്ചത് കേരളമാണ്. ലോക വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ നാടെത്തും.