Kerala Solid Waste Management Project kicks off: Minister MV Govindan Master

കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പദ്ധതിക്ക് വേണ്ടി ലോക ബാങ്കുമായും, എഐഐബിയുമായും സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച വായ്പാ കരാറിലെ എല്ലാ വ്യവസ്ഥകളും പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ 2022 മാര്‍ച്ച എട്ടിന് പദ്ധതി പ്രാബല്യത്തില്‍ വന്നിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

വായ്പയുടെ ആദ്യഘഡു അനുവദിക്കുന്നതടക്കമുള്ള പദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് ഉടന്‍ വഴിയൊരുങ്ങും.കേരളത്തിലെ നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി ഉത്തേജനം നല്‍കും. പദ്ധതി പൂര്‍ത്തീകരണത്തോടെ ഖരമാലിന്യ പരിപാലന രംഗത്ത് കേരളം പുതിയൊരു മാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷന്‍ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആറ് വര്‍ഷ കാലയളവില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ അടങ്കല്‍ തുക 300 മില്യണ്‍ യു എസ് ഡോളര്‍ ആണ് (ഏകദേശം 2200 കോടി രൂപ). ഇതില്‍ 105 മില്യണ്‍ യു എസ് ഡോളര്‍ ലോകബാങ്ക് വിഹിതവും 105 മില്യണ്‍ യു എസ് ഡോളര്‍ ഏഷ്യന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (അകകആ) വിഹിതവുമാണ്. ബാക്കി തുകയായ 90 മില്യണ്‍ യു എസ് ഡോളര്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണെന്ന് മന്ത്രി വിശദീകരിച്ചു.

ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പൂര്‍ണമായ ഖരമാലിന്യ ശേഖരണം, ഖരമാലിന്യ പരിപാലന കേന്ദ്രങ്ങളുടെ വികസനം, പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യം പൂര്‍ണമായും സംസ്‌കരിച്ച് ഭൂമി വീണ്ടെടുക്കുക, സംസ്‌കരിക്കാനാകാത്ത ഖരമാലിന്യങ്ങളുടെ പരിപാലനത്തിനായി ലാന്‍ഡ്ഫില്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുക, പുനരുപയോഗവും പുനചക്രമണവും സാധ്യമാക്കി മാലിന്യത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖരമാലിന്യ പരിപാലനത്തിന് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പ്രദേശത്തിന്റെ പ്രതേകതകള്‍ക്കനുസരിച്ച് സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി ആവശ്യമുള്ള സാങ്കേതിക പിന്തുണ, സാങ്കേതിക വിദഗ്ധരുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി നടത്തിപ്പിന് മൂന്ന് ഘടകങ്ങള്‍ ഉണ്ടാകും. മാലിന്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുക, അവര്‍ക്ക് സാങ്കേതിക സഹായം നല്‍കുക, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവ ആദ്യ ഘടകത്തിന്റെ ഭാഗമാകും. അതോടൊപ്പം, ഖരമാലിന്യ സംസ്‌കരണത്തിന്റെ സ്ഥാപനപരവും സാമ്പത്തികവും നയപരവുമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രാദേശിക തലത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായവും നല്‍കും. രണ്ടാമത്തെ ഘടകത്തില്‍ വികേന്ദ്രികൃത മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുന്നതിനും വേണ്ടി നഗരസഭകള്‍ക്ക് പ്രത്യേക ഗ്രാന്റ് ആയി സാമ്പത്തിക സഹായം നല്‍കും. മാലിന്യ നിര്‍മാര്‍ജ്ജനം, മാലിന്യ ശേഖരണം, മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ വേണ്ടിയുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തല്‍, കോവിഡ് സഹായ പ്രവര്‍ത്തനങ്ങള്‍, പൊതു തെരുവുകള്‍ വൃത്തിയാക്കല്‍, ശുചീകരണ തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചീകരണ സാമഗ്രികള്‍ ലഭ്യമാക്കല്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, നിലവിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി എന്നിവയുടെ നിര്‍മ്മാണം മുതലായവ ഈ ഘടകത്തില്‍ ഉള്‍പ്പെടും. മൂന്നാമത്തേതും അവസാനത്തേതുമായ ഘടകം മേഖല അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ഖരമാലിന്യ പ്‌ളാന്റുകളുടെ നിര്‍മ്മാണം, സാനിറ്ററി ലാന്‍ഡ് ഫില്‍, നിലവിലുള്ള ഖരമാലിന്യ പ്‌ളാന്റുകളുടെ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കും. കൂടാതെ, കോവിഡ് പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ച അളവിലുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വിപുലീകരിക്കുന്നതിന് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (എസ്പിഎംയു) പദ്ധതിക്ക് നേതൃത്വം നല്‍കുകയും ദൈനംദിനനിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ത്രിതല സംവിധാനത്തിലൂടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. എസ്പിഎംയു ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (ഡിപിഎംയു) പദ്ധതിയും ജില്ലാതല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും. മൂന്നാമത്തേത് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളാണ് (പിഐയു). ഈ യൂണിറ്റ് 93 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കും. ആദ്യ ഘട്ടമായി, ട്രാക്ക് 1 പ്രവര്‍ത്തനങ്ങള്‍ എസ്പിഎംയു ഇതിനകം തന്നെ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവയുടെ നിലവിലുള്ള ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി ഗ്രാന്റുകള്‍ ഇതിന്റെ ഭാഗമായി നല്‍കും. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തിന് പുറമെയാണ് ഗ്രാന്റ് നല്‍കുന്നത്. കൂടാതെ, പരമ്പരാഗത മാലിന്യം തള്ളുന്ന സ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി 38 മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.