Kerala is not under the influence of intoxicants Excise department is vigilant: Minister MV Govindan Master

കേരളം ലഹരിയുടെ പിടിയിലല്ല എക്‌സൈസ് വകുപ്പ് ജാഗരൂകമാണ്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചിലര്‍ കുപ്രചരണങ്ങളിലേര്‍പ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എക്‌സൈസ് വകുപ്പ് നല്ല നിലയിലാണ് ലഹരി മാഫിയക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം 1540 അബ്കാരി കേസ്സുകളിലായി 249 ലിറ്റര്‍ ചാരായവും 4106 ലിറ്റര്‍ വിദേശമദ്യവും 1069 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യവും 22,638 ലിറ്റര്‍ വാഷും എക്‌സൈസ് വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. 1257 പേരെയാണ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. എന്‍ ഡി പി എസ് ആക്റ്റ് പ്രകാരം 367 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. 291 കിലോഗ്രാം കഞ്ചാവ്, 17.4 കിലോഗ്രാം ഹാഷിഷ്, 615 ഗ്രാം എം ഡി എം എ, 24 കഞ്ചാവ് ചെടികള്‍, 156 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍ മുതലായവ പിടിച്ചെടുക്കാന്‍ എക്‌സൈസ് വകുപ്പിന് സാധിച്ചു. 7535 കോട്പാ കേസുകളിലായി 4554 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 15,06,800 രൂപ പിഴ ചുമത്താനും കഴിഞ്ഞെന്ന് മന്ത്രി വിശദമാക്കി.

യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ന്യൂജെന്‍ മയക്കുമരുന്നുകളുടെ ഉപയോഗവും, ഉപഭോഗവും തടയുന്നതിനുള്ള തീവ്രയത്‌നത്തിലാണ് എക്‌സൈസ് വകുപ്പുള്ളതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജനുവരി മാസത്തില്‍ മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ 475 ഗ്രാം എം ഡി എം എ, 7 ഗ്രാം എഫിഡ്രൈന്‍ എന്നിവ പിടിച്ചെടുത്തു. 3 പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലാ നര്‍ക്കോട്ടിക് സ്‌ക്വാഡ് 11.3 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത് കേസെടുത്തു. കണ്ണൂര്‍ നര്‍ക്കോട്ടിക് സ്‌ക്വാഡ് 23 കിലോഗ്രാം കഞ്ചാവും, 957 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. കോഴിക്കോട്ട് 55.2 ഗ്രാം എം ഡി എം എ യും എറണാകുളത്ത് 94.74 ഗ്രാം എം ഡി എം എയും കൊല്ലത്ത് 32 കിലോ കഞ്ചാവും പിടിച്ചെടുത്ത് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ മികച്ച രീതിയില്‍ മയക്കുമരുന്ന് വേട്ട നടത്തുന്നതിലൂടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബാക്കി മാറ്റാനുള്ള മയക്കുമരുന്ന് മാഫിയയുടെ ശ്രമത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ചാണ് തെറ്റിദ്ധാരണാ ജനകമായ വര്‍ത്തമാനങ്ങളുമായി ചിലര്‍ മുന്നോട്ടുവരുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.