Integrated Local Governance Management System: Over 4 lakh files disposed of in 6 months

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനകൾക്ക് ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) വഴി (https://ilgms.lsgkerala.gov.in/) തീർപ്പാക്കിയത് 43,92,431 (86.26%) ഫയലുകൾ. 2022 ഏപ്രിൽ 4 -നാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഐഎൽജിഎംഎസ് വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. 6 മാസംകൊണ്ട് 50,91,615ഫയലുകളാണ് ഇത് വഴി ഗ്രാമപഞ്ചായത്തുകൾ കൈകാര്യം ചെയ്തത്. ഇതിൽ 43,92,431 ഫയലുകളും തീർപ്പാക്കി. തീർപ്പാക്കാൻ ബാക്കിയുള്ളതിൽ അപാകത പരിഹരിക്കാൻ കത്ത് നൽകിയ 1,07,258ഫയലുകളും പാർക്ക് ചെയ്ത 1,40,961ഫയലുകളുമുണ്ട്.

ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകുമ്പോൾ തന്നെ അത് പരിശോധിച്ച് പൂർണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോ എന്നും ഉറപ്പുവരുത്താനും സ്വീകരിക്കുന്ന അപേക്ഷ ഓൺലൈനായി തന്നെ പരിശോധിച്ച് സമയബന്ധിതമായി തീർപ്പു കല്പിക്കാനും ഐഎൽജിഎംഎസിൽ സൗകര്യമുണ്ട്. അപേക്ഷകളുടെ തൽസ്ഥിതി പൊതുജനങ്ങൾക്ക് ഉൾപ്പെടെ ട്രാക്ക് ചെയ്യാനും സേവനം ഉറപ്പു വരുത്താനും സാധിക്കും. കെട്ടിടത്തിന്റെ ഓണർഷിപ്പ്, ബിപിഎൽ ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ, വിവരാവകാശ അപേക്ഷ, എന്നിങ്ങനെ ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുന്ന, ലൈസൻസ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ മുതൽ വികസന- പദ്ധതി നിർദേശങ്ങൾ നൽകുന്നതിനു വരെയുള്ള സൗകര്യം ഐഎൽജിഎംഎസിലും അതിന്റെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലും ലഭ്യമാണ്. 264 സേവനങ്ങളാണ് ഐഎൽജിഎംഎസ് വഴി നിലവിൽ ലഭ്യമാക്കുന്നത്.

303 പഞ്ചായത്തുകളിലാണ് നിലവിൽ ഐഎൽജിഎംഎസ് സേവനം ലഭ്യമായിട്ടുള്ളത്. ഈ പഞ്ചായത്തുകളിൽ https://erp.lsgkerala.gov.in/ എന്ന ലിങ്കിലൂടെയും ശേഷിക്കുന്ന 638 പഞ്ചായത്തുകളിൽ മേൽപ്പറഞ്ഞ സേവനങ്ങൾ http://citizen.lsgkerala.gov.in/ എന്ന പോർട്ടലിലൂടെയും പൊതുജനങ്ങൾക്ക് ലഭ്യമാകും.