Ujjeevanam campaign for Kerala without extreme poverty

അതിദരിദ്രരില്ലാത്ത കേരളത്തിനായി ഉജ്ജീവനം കാമ്പയിൻ

സമ്പൂർണ ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ ഫെബ്രുവരി 1 വരെ നടത്തുന്ന ഉപജീവന കാമ്പയിനാണ് ഉജ്ജീവനം. അതിദരിദ്ര കുടുംബങ്ങളെ സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കുടുംബശ്രീ സർവേയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങൾക്ക് കാമ്പയിന്റെ സേവനം ലഭിക്കും. ശാസ്ത്രീയമായ പദ്ധതി പ്രവർത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങൾ നിർവഹിക്കുക വഴി ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റും. ദാരിദ്ര്യത്തിൻറെ മുഖ്യ കാരണമായ ഉപജീവന മാർഗത്തിൻറെ അപര്യാപ്തത മാറ്റിക്കൊണ്ട് ഓരോ കുടുംബത്തെയും സ്വയംപര്യാപ്തതയിലേക്കുയർത്തുന്നു എന്നതാണ് ഉജ്ജീവനം കാമ്പയിന്റെ പ്രത്യേകത.

നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ദാരിദ്ര്യത്തിന്റെ തോത് 0.5 % മാത്രമാണ്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഉജ്ജീവനം കാമ്പയിൻ വഴി 2024 നവംബർ 1-നകം 64006 ദരിദ്ര കുടുംബങ്ങളിൽ 93 % കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. ബാക്കിയുള്ള 7 % കുടുംബങ്ങളെ 2025 നവംബർ 1-നകം അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചു കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റും.

സുസ്ഥിര ഉപജീവന മാർഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബങ്ങളുടെയും അതിജീവന ഉപജീവന ആവശ്യങ്ങൾ മനസിലാക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിച്ച പ്രത്യേക ടീമിന്റെ നേതൃത്വത്തിൽ നവംബർ 15വരെ ഭവന സന്ദർശനം നടത്തും. ഗുണഭോക്താവിന്റെ ഉപജീവന ആവശ്യകത, തൊഴിൽ ലഭ്യതയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന വിവിധ പദ്ധതികൾ, ആവശ്യമായ സാമ്പത്തിക പിന്തുണകൾ എന്നിവ രേഖപ്പെടുത്തും. ഇപ്രകാരം ഭവന സന്ദർശനം വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിനും ആവശ്യമായ ഉപജീവന പ്രവർത്തനങ്ങളുടെ പട്ടിക അതത് തദ്ദേശ സ്ഥാപനതല ടീമുകളുടെ നേതൃത്വത്തിൽ നവംബർ 25നു മുമ്പായി പൂർത്തീകരിക്കും.

ഓരോ സി.ഡി.എസിലുമുള്ള മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റെ ആണ് വ്യക്തിഗത ഉപജീവന പദ്ധതി വിവരങ്ങൾ ശേഖരിക്കുന്നത്. അവശ്യപിന്തുണ ആവശ്യമുളളവർ, കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് നൽകുന്നതു വഴി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഉളളവർ എന്നിങ്ങനെ വേർതിരിച്ചാണ് പട്ടിക തയ്യാറാക്കുക. പട്ടിക പരിശോധിച്ച ശേഷം തൊഴിൽ പരിശീലനം ആവശ്യമായ എല്ലാ ഗുണഭോക്താക്കൾക്കും ഇത് ലഭ്യമാക്കും. കൂടാതെ ഗുണഭോക്താക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി രൂപപ്പെടുത്തിയ പദ്ധതികൾക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ അതും കുടുംബശ്രീയുടെ വിവിധ പദ്ധതികൾ വഴി 2024 ഫെബ്രുവരി 8-നകം ലഭ്യമാക്കും. തദ്ദേശ സ്ഥാപനതല പദ്ധതികൾ, സ്പോൺസർഷിപ് എന്നിവ മുഖേനയും സാമ്പത്തിക പിന്തുണ ലഭ്യമാക്കും.