ജീവചരിത്രം
ശ്രീ. എം.ബി. രാജേഷ്
1971 മാര്‍ച്ച് 12ാം തീയതി പഞ്ചാബിലെ ജലന്ധറില്‍ ജനനം.
അച്ഛന്‍: ശ്രീ. മാമ്പറ്റ ബാലകൃഷ്ണന്‍ നായര്‍, അമ്മ: ശ്രീമതി എം.കെ.രമണി
കയിലിയാട് കെ.വി.യു.പി. സ്കൂള്‍, ചളവറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസവും, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാഡമിയില്‍നിന്ന് നിയമബിരുദവും നേടി.
വളരെ ചെറുപ്രായത്തില്‍ത്തന്നെ സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. വിദ്യാര്‍ത്ഥിയായിരിക്കെ പ്രസംഗം, ഉപന്യാസ രചന, ക്വിസ് എന്നീ ഇനങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടി.
എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ, സംസ്ഥാന, അഖിലേന്ത്യാ പ്രസിഡന്‍റ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2002 മുതല്‍ 2007 വരെ ഒറ്റപ്പാലം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ഡി.വൈ.എഫ്.ഐ. മുഖമാസികയായ 'യുവധാര'യുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
2009 ലും 2014 ലും പാര്‍ലമെന്റിലേക്ക് പാലക്കാട് നിന്നും തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യം, ശാസ്ത്ര-സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി, നിയമ-നീതിന്യായം എന്നീ പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചു ബ്രിട്ടനിലെ കവന്ററി യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിന്റെ 2011 ലെ ലീഡര്‍ഷിപ്പ് ലക്ചര്‍ സീരിസില്‍ പ്രഭാഷണം നടത്തി., ലണ്ടന്‍ കിങ്സ് കോളേജും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പും സംയുക്തമായി 2016 ല്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പി. മാരില്‍ ഒരാളായിരുന്നു എം.ബി.രാജേഷ്.
2021 ല്‍ തൃത്താല നിയോജകമണ്ഡലത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട്, പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി.
'നിശബ്ദരായിരിക്കുവാന്‍ എന്തവകാശം?' 'സംഘപരിവാറും കോര്‍പ്പറേറ്റ് രാഷ്ട്രീയവും', 'ചരിത്രം അവരെ കുറ്റക്കാരെന്ന് വിധിക്കും', 'മൂലധനം, മതം, രാഷ്ട്രീയം', 'ആഗോളവല്‍ക്കരണത്തിന്റെ വിരുദ്ധ ലോകങ്ങള്‍', എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആഗോള പ്രതിസന്ധിയുടെ മാനങ്ങള്‍', 'കൗണ്ടര്‍ പോയിന്റ്സ് ടു ഡീ മോണിറ്റൈസേഷന്‍', 'ഓണ്‍ സ്യൂഡോ നാഷണലിസം' എന്നീ കൃതികളുടെ എഡിറ്റര്‍.
ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേിരക്കയുടെ എക്സലന്‍സ് അവാര്‍ഡ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നല്‍കുന്ന മികച്ച പാര്‍ലമെന്റേറിയനുള്ള ചെറിയാന്‍ ജെ. കാപ്പന്‍ പുരസ്കാരം, ഗ്ലോബല്‍ പ്രവാസി മലയാളി കോണ്‍ഫെഡറേഷന്‍, കോട്ടയം ലയണ്‍സ് ക്ലബ്ബ്, പാലക്കാട് - ഷൊര്‍ണ്ണൂര്‍ റോട്ടറി ക്ലബ്ബുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. 2011 ല്‍ മലയാള മനോരമയുടെ ദി വീക്ക് ഇന്ത്യയിലെ മികച്ച അഞ്ച് യുവ എം.പി.മാരില്‍ ഒരാളായും, മനോരമ ന്യൂസ് ചാനല്‍ 2014 ല്‍ കേരളത്തിലെ മികച്ച അഞ്ച് പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ കേരളത്തിലെ മികച്ച എം.പി.യായി 2011 ല്‍ തെരഞ്ഞെടുത്തു.
രാഷ്ട്രീയത്തിനു പുറമേ സാഹിത്യവും സ്പോര്‍ട്സും ഇഷ്ടമേഖലകള്‍.