വിവേചനപരമായ പുതിയ സമ്പ്രദായം കേന്ദ്രം പിൻവലിക്കണം
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വിതരണത്തിൽ കേന്ദ്രസർക്കാർ പുതുതായി സ്വീകരിച്ചിരിക്കുന്ന വിവേചനപരമായ നടപടിയെ തുടര്‍ന്ന് വരാനിടയുള്ള അസ്വസ്ഥതകളും പ്രായോഗിക പ്രശ്‌നങ്ങളും സംസ്ഥാന ഗവണ്‍മെന്റ് മനസ്സിലാക്കുകയുണ്ടായി.
ചില വിഭാഗങ്ങള്‍ക്കു മാത്രം വേതനം നല്‍കുന്നുവെന്ന പരാതിയും ഉയര്‍ന്നു വന്നിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കൂലി തടസ്സപ്പെടുന്ന സാഹചര്യവും ഇതിനിടെ ഉണ്ടായി. തൊഴിലാളികള്‍ക്കിടയില്‍ വേര്‍തിരിവിനും വിവേചനത്തിനും ഇടയാക്കുന്ന ഈ പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന സംസ്ഥാന ഗവണ്‍മെന്റ് നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.ഈ പുതിയ സമ്പ്രദായം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി തന്നെ കഴിഞ്ഞ മാസം അവസാനം ബഹു. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയോട് രേഖാമൂലം ആവശ്യപ്പെടുകയുണ്ടായി.
പുതിയ പരിഷ്‌ക്കാരം വഴിയും ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലവും എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും നിലവില്‍ വേതന കുടിശ്ശിക ഉണ്ടായിട്ടുണ്ട്. കേന്ദ്രഫണ്ട് ലഭിക്കാത്തതിനാല്‍ എസ്.സി. വിഭാഗത്തിന് 64.66 കോടിയും എസ്.ടി വിഭാഗത്തിന് 22.19 കോടിയും മറ്റു വിഭാഗത്തിന് 112.6 കോടി രൂപയും ചേര്‍ത്ത് ആകെ 199.45കോടി രൂപ നിലവില്‍ വേതന കുടിശ്ശിക ആയുണ്ട്.
വൈക്കം മണ്ഡലത്തില്‍ അവിദഗ്ദ്ധ വേതന ഇനത്തില്‍ എസ്.ടി. വിഭാഗത്തിന് 1,37,716 രൂപയും എസ് സി വിഭാഗത്തിന് 58,02,211 രൂപയും പൊതുവിഭാഗം തൊഴിലാളികള്‍ക്ക് 1,80,78,005 രൂപയും കുടിശ്ശിക വന്നിട്ടുണ്ട്. കേന്ദ്രഫണ്ട് യഥാസമയം ലഭ്യമാകാത്തതിനാല്‍ എസ്. സി. വിഭാഗത്തിന്റേത് 01.10.2021 തീയതി മുതലും എസ്. ടി വിഭാഗത്തിന്റേത് 03.10.2021 തീയതി മുതലും മറ്റു വിഭാഗങ്ങളുടേത് 20.10.2021 തീയതി മുതലും കുടിശ്ശികയുണ്ട്. ഈ തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.