പതിനാലാം പഞ്ചവത്സരപദ്ധതി മാര്‍ഗരേഖ തയ്യാറായി
പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അംഗീകാരമായി. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
ആധുനിക വൈജ്ഞാനിക മേഖലകളുടെ പിന്‍ബലത്തോടെ ഉല്‍പ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുകയും പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ സമൂഹത്തെ സഹായിക്കും വിധമുള്ള മാര്‍ഗരേഖയാണിത് .
2022-23 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 27നകം ആരംഭിച്ച് ജൂണ്‍ 25നകം പൂര്‍ത്തീകരിക്കും. വാര്‍ഷിക പദ്ധതിയ്ക്ക് ആദ്യമാസങ്ങളില്‍ ചെയ്യേണ്ട കാര്‍ഷിക മേഖലയിലടക്കമുള്ള പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 2023-24 മുതല്‍ 2026-27വരെയുള്ള ആസൂത്രണ പ്രവര്‍ത്തനം നവംബര്‍ 1ന് തുടങ്ങി മാര്‍ച്ച് 7നകം പൂര്‍ത്തിയാക്കും.
എല്ലാതരം പാര്‍ശ്വവല്‍ക്കരണങ്ങളെയും നിര്‍മാര്‍ജനം ചെയ്യുകയും അതിസാധാരണക്കാരെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വികസനം സാധ്യമാക്കാന്‍ മാര്‍ഗ്ഗരേഖ നിഷ്‌കര്‍ഷിക്കുന്നു. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഭാവനാപൂര്‍ണമായ പദ്ധതികള്‍ വിഭാവനം ചെയ്യാനും സമഗ്രമായ വികസന ഇടപെടലിലൂടെ കേരളീയ ജീവിതത്തിലെ ഗുണമേന്മയും സംതൃപ്തിയും സന്തോഷവും വര്‍ധിപ്പിക്കാനും മാര്‍ഗ്ഗരേഖ ലക്ഷ്യമിടുന്നു.
ദേശീയതലത്തിലെ ക്ഷേമ-വികസന മേഖലകളിലെ പ്രഥമസ്ഥാനം നിലനിര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പതിനാറോളം വിഷയങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ മുന്‍ഗണന നല്‍കുന്നു. പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പദ്ധതി ലക്ഷ്യമിടുന്നത്.