Work on Kodileri Bridge on Chorukkala-Kanichamal-Kodileri-Kanjirangad-Chennaiyanur-Mavicherry-Naduvayal Road will be completed soon.

ആലക്കോട്, പരിയാരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് എളുപ്പത്തിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്, പറശ്ശിനി കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന ചൊറുക്കള-കാണിച്ചാമൽ-കൊടിലേരി -കാഞ്ഞിരങ്ങാട്-ചെനയന്നൂർ -മാവിച്ചേരി-നടുവയൽ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവർത്തി എത്രയും വേഗത്തിൽ പൂർത്തിയാക്കും.
കുറുമാത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്തു.

കിഫ്‌ബിയുടെ 4 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.3 കോടി രൂപ പാലം നിർമ്മാണത്തിനും 1 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് വകയിരുത്തിയിരിക്കുന്നത്. 36 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും 358 മീറ്റർ അപ്രോച്ച് റോഡ് കൂടി അടങ്ങിയതാണ് പദ്ധതി. അപ്രോച്ച് റോഡിനായി പന്നിയൂർ വില്ലേജിൽ പെട്ട 43 സെന്റ് സ്ഥലവും കുറുമാത്തൂർ വില്ലേജിൽ പെട്ട 32 സെന്റ് സ്ഥലവും ഉൾപ്പെടെ 75 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

മുഴുവൻ ആളുകളെയും മുഖവിലക്കെടുത്തുകൊണ്ടും പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുമാണ് വികസന പ്രവർത്തങ്ങൾ ഗവണ്മെന്റ് നടപ്പിലാക്കുന്നതെന്നും സ്ഥലം വിട്ടു നൽകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കൃത്യമായ നഷ്ടം കണക്കാക്കുന്നതിന് തളിപ്പറമ്പ് തഹസിൽദാരെയും, കുറുമാത്തൂർ, പന്നിയൂർ വില്ലേജ് ഓഫീസർമാരെയും ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദേശം നൽകി.

കൊടിലേരി പാലം യാഥാർഥ്യമാകുന്നതോടുകൂടി ആലക്കോട് ഉൾപ്പെടെ മലയോര മേഖലയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പുതുതായി ആരംഭിക്കുന്ന ചൊറുക്കള-ബാവുപ്പറമ്പ-മയ്യിൽ-കൊളോളം-എയർപോർട്ട് ലിങ്ക് റോഡിൽ എത്തിച്ചേരാൻ സാധിക്കും.മലപ്പട്ടം അഡൂർക്കടവ് പാലവുമായി ബന്ധപ്പെട്ട അവലോകനം കൂടി പ്രസ്തുത യോഗത്തിൽ വെച്ച് നടന്നു. ചെങ്ങളായി മലപ്പട്ടം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 169 മീറ്റർ വീതിയിലും 11.05 മീറ്റർ വീതിയിലും അപ്രോച്ച് റോഡോടുകൂടിയാണ് നിർമ്മിക്കുന്നത്.

അവലോകന യോഗത്തിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ , കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി , പി.ഡബ്ല്യൂ.ഡി.ബ്രിഡ്ജസ്. വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ്, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് രമണി, തുടങ്ങിയവരും പങ്കെടുത്തു.