സമത്വത്തിന്റെ മുന്നേറ്റം: അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം 

സാമൂഹ്യ സമത്വത്തിലൂടെ ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ശക്തിപ്പെടുത്തി രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം. സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച്, അതിദാരിദ്ര്യ നിർമ്മാർജ്ജനം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടം നേടി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ സമൂഹത്തിൽ എല്ലാ വിഭാഗങ്ങൾക്കും സമാനമായ അവസരങ്ങളും വിഭവങ്ങളും ഉറപ്പാക്കുന്ന സർവ്വതലസ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ, അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. സാമൂഹ്യനീതി, ഉൾക്കൊള്ളൽ, സമത്വം എന്നിവയെ ആധാരമാക്കിയ നവകേരള വികസന മാതൃകയുടെ ചരിത്രവിജയം എന്ന നിലയ്ക്കാണ് ഈ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം കേരളത്തിന്റെ വളർച്ചാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. നീതി ആയോഗിന്റെ സൂചികകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമാണ് (0.55% മാത്രം) കേരളം. ആഗോളതലത്തിൽ ചൈനയ്ക്കു ശേഷം ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ നടപ്പാക്കുന്ന രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം സ്വന്തമാക്കും. 
  
ആരാണ് അതിദരിദ്രർ 

സാമൂഹിക സാമ്പത്തിക ദുർബലത അഥവാ ദാരിദ്ര്യം എന്നത് നിരന്തരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പൊതുവിൽ ഉള്ള ശേഷികളുടെ അഭാവമാണ് ദാരിദ്ര്യം. എന്നാൽ ഏറ്റവും തീവ്രമായി അത്തരം അവസ്ഥകളെ അഭിമുഖീകരിക്കുന്നവരാണ് അതിദരിദ്രർ. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിറവേറ്റാൻ കഴിയാത്ത, ബാഹ്യ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. 

സമത്വത്തിന്റെ മുന്നേറ്റം: അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം 

ഈ വിഭാഗത്തിലുള്ളവരെ സംബന്ധിച്ച് സർക്കാരിന്റെയും പൊതുസമൂഹത്തിൻ്റെയും ശക്തമായ പിന്തുണയില്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നാൽ ദരിദ്രരെ സംബന്ധിച്ച് അവരുടെ തൊഴിൽ ശേഷിയും വരുമാനവും വെച്ച് ചുരുങ്ങിയ അളവിലെങ്കിലും മുന്നോട്ട് പോകാൻ സാധിക്കും. അവരെ സഹായിക്കാൻ സർക്കാരിന്റെ പല പദ്ധതികൾക്കും സാധിച്ചിട്ടുണ്ട്. റേഷൻ സംവിധാനങ്ങളും, തൊഴിലുറപ്പ് പദ്ധതിയും, ലൈഫ് മിഷൻ പോലുള്ള പദ്ധതികളും ഇതിനു ഉദാഹരണമാണ്. ഈ അടിസ്ഥാന സഹായങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയിൽ നിൽക്കുന്ന അതിദരിദ്ര വിഭാഗത്തെയാണ് കണ്ടെത്തി സംരക്ഷണം നൽകുന്നത്. 

അതിദാരിദ്ര്യ നിർമ്മാർജ്ജനം പ്രവർത്തന വഴികൾ 

2021-ലാണ് സർക്കാർ അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.  2016-ൽ നടപ്പാക്കിയ ‘അഗതിരഹിത കേരളം’ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെക്കൂടി ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ദൗത്യമായാണ് സർക്കാർ  പദ്ധതി വിഭാവനം ചെയ്തത്. പൊതുസമൂഹത്തിന്റെ കണ്ണിൽപ്പെടാതെ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലുമാകാതെ അദൃശ്യരായി കഴിഞ്ഞിരുന്ന ഈ ചെറിയ ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്തുക എന്നതായിരുന്നു ലക്ഷ്യം.  

സംസ്ഥാനത്ത് 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. പദ്ധതിയുടെ ആദ്യഘട്ടം 2023 നവംബർ ഒന്നിന് പൂർത്തിയാക്കി 30,658 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 2025 ആഗസ്റ്റിലെ കണക്കുകൾ പ്രകാരം, 64,006 കുടുംബങ്ങളിൽ 53,027 കുടുംബങ്ങളെ (83%) ഇതിനോടകം ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഈ മഹായജ്ഞത്തിന്റെ ഭാഗമായി. 

സമത്വത്തിന്റെ മുന്നേറ്റം: അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം 

സാമൂഹിക സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ, വാർഡ് ക്ലസ്റ്റർതല ചർച്ചകൾ എന്നിവയിലൂടെ തയ്യാറാക്കിയ വിവിധ പട്ടികകൾ ഏകോപിപ്പിച്ച്, പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരശേഖരണം നടത്തി. ഈ പട്ടികകൾ വാർഡ്/ഗ്രാമ സഭകളുടെ അംഗീകാരത്തിന് സമർപ്പിച്ച ശേഷം, 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ചു. അതിദരിദ്രരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഓരോ കുടുംബത്തെയും നേരിൽ കണ്ട്, അവരുടെ യഥാർത്ഥ ക്ലേശഘടകങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് ഇവരെ സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലൂടെ ഭക്ഷ്യ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കി. ഭക്ഷണം ഒരു പ്രതിസന്ധിയായിരുന്ന 20,648 കുടുംബങ്ങൾക്കും ഇന്ന് മുടങ്ങാതെ ആഹാരം ഉറപ്പാക്കുന്നു. 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ റേഷൻ കടകൾ വഴിയും, സ്വയം പാചകം ചെയ്യാൻ കഴിയാത്ത 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നു.

സമത്വത്തിന്റെ മുന്നേറ്റം: അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം 

ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിട്ട 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും ഉറപ്പാക്കി. 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യ സഹായം ഉറപ്പാക്കി. 35,955 വ്യക്തികൾക്ക് ഇടതടവില്ലാതെ മരുന്നുകൾ നൽകി, 5777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങളും നൽകുന്നു. ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി ആശുപത്രികളിലെത്തിക്കുകയും, വാതിൽപ്പടി സേവനം, ആംബുലൻസ് സേവനം എന്നിവ ഉറപ്പാക്കുകയും ചെയ്തു. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു.

സുരക്ഷിതമായ വീട് ഒരു സ്വപ്നമായിരുന്നവർക്ക് അത് യാഥാർത്ഥ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ഉൾപ്പെടെ ആകെ 11,340 അതിദരിദ്ര കുടുംബങ്ങളെ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. 5400-ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5522 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 

സമത്വത്തിന്റെ മുന്നേറ്റം: അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം 

പുതിയ വീട് ആവശ്യമായിരുന്ന 4677 ഗുണഭോക്താക്കളിൽ 4005 വീടുകളുടെ നിർമ്മാണം പൂർത്തിയായി, 672 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളിൽ പുരോഗതിയിലാണ്. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി ഷെൽട്ടർ ഹോമുകളിൽ മാറ്റി പാർപ്പിച്ചു. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കളിൽ 1417 വീടുകളുടെ നിർമ്മാണം പൂർത്തിയായി, 1296 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളിൽ പുരോഗതിയിലാണ്. ഭൂരഹിതർക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള വെല്ലുവിളി മറികടക്കാൻ റവന്യൂ വകുപ്പിന്റെയും ‘മനസോടിത്തിരി മണ്ണ്’ യജ്ഞത്തിന്റെയും ഭാഗമായി 439 കുടുംബങ്ങൾക്കായി 3035.645 സെന്റ് ഭൂമി കണ്ടെത്തി. വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടിയ 4394 കുടുംബങ്ങൾക്ക് ‘ഉജ്ജീവനം’ പോലുള്ള പദ്ധതികളിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നൽകി.

റേഷൻ കാർഡ്, ആധാർ, പെൻഷൻ തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്തവർക്കായി ‘അവകാശം അതിവേഗം’ എന്ന യജ്ഞത്തിലൂടെ 21,263 പേർക്ക് രേഖകൾ ലഭ്യമാക്കി. അതിദരിദ്രരിൽ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും തുടർപഠനം ആവശ്യമുള്ളവർക്ക് അത് നൽകുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപടികൾ കൈക്കൊള്ളുന്നു. പദ്ധതി പ്രവർത്തനങ്ങൾ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ നിരീക്ഷിച്ച് ഏകോപിപ്പിക്കുന്നതിനായി ഒരു വെബ്പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 301 എയ്ഡ്സ് രോഗികൾക്ക് ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴി ലഭ്യമാക്കി. 

വഴികാട്ടിയായി കോട്ടയവും, ധർമ്മടവും 

കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം സംസ്ഥാനത്തിന് വഴികാട്ടിയായി മാറി. ഇന്ത്യയിൽത്തന്നെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയം നേട്ടം കൈവരിച്ചു. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിർണ്ണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയിൽ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. ജനകീയമായാണ് സർവേ നടപടികൾ നടത്തിയത്. 1344 എന്യൂമറേഷൻ സംഘങ്ങൾ സർവേയിൽ പങ്കാളികളായി. 2688 എന്യൂമറേറ്റർമാർ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഗ്രാമസഭാ ചർച്ചകളും നടന്നു. ക്ലേശഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിച്ചത്.

2022 ജനുവരി 10ന് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം. 1071 പേരെ സർവേയിൽ കണ്ടെത്തി. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ജില്ലകളിൽ കുടിയേറിയവർ എന്നിവരെ സൂപ്പർ ചെക്കിലൂടെ ഒഴിവാക്കി. അന്തിമ പട്ടികയിൽ 903 പേരെ അതിദരിദ്രരായി കണ്ടെത്തി. അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ആഗസ്റ്റിൽ 978 മൈക്രോപ്ലാനുകൾ തയ്യാറാക്കി. സംസ്ഥാനത്ത് ആദ്യമായി മൈക്രോപ്ലാനുകൾ തയ്യാറാക്കിയതും കോട്ടയമാണ്.

സമത്വത്തിന്റെ മുന്നേറ്റം: അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം 

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലമാണ് കണ്ണൂർ ജില്ലയിലെ ധർമ്മടം. 2025 ഏപ്രിലിൽ ധർമ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവർത്തനങ്ങൾ നടത്തി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. 2021 ആഗസ്‌റ്റ് മുതൽ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്. ഹ്രസ്വകാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പിലാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങൾ നൽകിയത്. എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്.

ഏറ്റവും ദുർബലരെയും ഉൾക്കൊണ്ട് സാമൂഹ്യനീതി, തുല്യത, ജനപങ്കാളിത്തം എന്നിവ ആധാരമാക്കിയ ഭരണത്തിന്റെ മികച്ച ഉദാഹരണമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ കേരളം കെെവരിച്ച അഭിമാനകരമായ ഈ നേട്ടം. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ ഉറപ്പാക്കി വികസന നേട്ടങ്ങൾ എല്ലാവർക്കും സമമായി എത്തിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയാണിത്. നവകേരളത്തിന്റെ കുതിപ്പിന് സമ​ഗ്ര പിന്തുണയേകി അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി വിജയിക്കും.

https://kerala.gov.in/navakeralam_page/articles/MTIwODI0ODAuNTI=