Shoranur Municipality's wastewater treatment plant dedicated to the nation

ഷൊർണ്ണൂർ നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാൻറ് നാടിന് സമർപ്പിച്ചു

സംസ്ഥാനത്ത് ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മുഴുവൻ ഖരമാലിന്യങ്ങളും സംസ്കരിക്കാനുള്ള പ്ലാന്റുകൾ അഞ്ചുമാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഷൊർണൂർ നഗരസഭയുടെ മലിന ജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദ്രവമാലിന്യം, കക്കൂസ് മാലിന്യം എന്നിവ സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുകയാണ് സർക്കാരിൻ്റെ അടുത്ത ലക്ഷ്യം. ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങളുടെ മനോഭാവം ഇനിയും മാറ്റേണ്ടതുണ്ട്. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിയമ നടപടി തുടരും. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ മുക്ത നവകേരളം പദ്ധതിയുൾപ്പെടെ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംവിധാനങ്ങൾ ഒരുക്കി മുന്നോട്ട് വന്നതിന്റെ ഫലമായി കേരളത്തിലെ മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. ശുചിത്വം കേരളത്തിൻ്റെ അജണ്ടയായി മാറി. സർക്കാർ വന്നതിനുശേഷം 32 പുതിയ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റുകളും ഏഴ് കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കേരളത്തെ മുഴുവൻ ശുചിത്വപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടർന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ബ്രഹ്മപുരത്തെ പൂങ്കാവനമാക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും പകർത്തുകയാണെന്നും മന്ത്രി പറഞ്ഞു.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെയും ശുചിത്വ മിഷൻ്റെയും ഒരു കോടി 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഷൊർണൂർ ബസ് സ്റ്റാൻ്റിനകത്ത് നിർമ്മിച്ച പ്ലാൻ്റിൽ പ്രതി ദിനം 25000 ലിറ്റർ മലിന ജലം ശുദ്ധീകരിക്കാൻ കഴിയും.