വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും. സർക്കാർ തലത്തിൽ താത്ക്കാലിക പുനരധിവാസത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒരു വീട്ടിലേക്കു താമസം മാറുമ്പോൾ വേണ്ട വീട്ടുപകരണങ്ങളും അത്യാവശ്യ വസ്തുക്കളും ഉറപ്പാക്കിയാണ് സർക്കാർ താത്ക്കാലിക പുനരധിവാസം സജ്ജീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള ക്വാർട്ടേഴ്സുകൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളും പുനരധിവാസത്തിന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇത് വരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങൾ വാടക നൽകി ഉപയോഗിക്കാനായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥർ വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധത അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പതിനഞ്ച് ക്വാർട്ടേഴ്സുകൾ താമസിക്കാൻ സജ്ജമാണ്. കെട്ടിടങ്ങളുടെ ശുചീകരണമടക്കമുള്ള പ്രവർത്തികൾ പൂർത്തിയായി. മറ്റ് ക്വാർട്ടേഴ്സുകളിൽ അറ്റകുറ്റപ്പണികൾക്ക് ശേഷം താമസിക്കാനാകും. കൽപ്പറ്റ, മുണ്ടേരി, അമ്പലവയൽ, സുൽത്താൻ ബത്തേരി, കുപ്പാടി സെക്ഷന് കീഴിലെയും കാരാപ്പുഴ, ബാണാസുര പദ്ധതികൾക്കു കീഴിലുള്ള ക്വാർട്ടേഴ്സുകളാണ് താത്ക്കാലിക പുനരധിവാസത്തിനായി ലഭ്യമായിട്ടുള്ളത്. ലഭ്യമാകുന്ന കെട്ടിടങ്ങൾ പരിശോധിച്ച് അവയുടെ ക്ഷമത, വാസയോഗ്യത, മരാമത്ത് പണികളുടെ ആവശ്യകത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവപരിശോധിക്കാൻ സബ് കളക്ടറെ നോഡൽ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലും മറ്റു സർക്കാർ കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകളും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധിക്കും. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ താത്ക്കാലികമായി പുനരവധിവസിപ്പിക്കുമ്പോൾ ഫർണിച്ചർ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പടെ ലഭ്യമാക്കും. താത്ക്കാലിക പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച വിശദമായ പട്ടിക നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും ദുരിതബാധിതരെ പുതിയ വീടുകളിലേക്കു മാറ്റുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക. ഇത്തരത്തിൽ പുനരധിവാസത്തിന് എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നത് ആളുകളെ അറിയിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.

താത്ക്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വൈത്തിരി തഹസിൽദാർ കൺവീനറും തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം- തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർമാർ അംഗങ്ങളുമായ സമിതി രൂപീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങൾ, മുൻഗണന എന്നിവ പരിഗണിച്ച് സമിതിയായിരിക്കും സർക്കാർ ക്വാർട്ടേഴ്സുകളും വാടകവീടുകളും അനുവദിക്കുക. സർക്കാർ ക്വാർട്ടേഴ്സുകളിലേക്ക് മാറുന്നവർ, സർക്കാർ സ്പോൺസർ ചെയ്യുന്ന വാടക വീടുകളിലേക്ക് മാറുന്നവർ, സ്വന്തം നിലയിൽ വാടക വീടുകൾ കണ്ടെത്തുന്നവർ, ബന്ധുവീടുകളിലേക്ക് മാറുന്നവർ എന്നിങ്ങനെയായിരിക്കും താത്ക്കാലിക പുനരധിവാസം എന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നിലയിൽ വാടക വീടുകൾ കണ്ടെത്തുന്നവർക്കും ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും.

മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, അമ്പലവയൽ, മുട്ടിൽ പഞ്ചായത്തുകളിലായിരിക്കും ആദ്യഘട്ടത്തിൽ വാടക വീടുകൾ ക്രമീകരിക്കുന്നത്. ഏത് പഞ്ചായത്തിലേക്ക് മാറണം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടായിരിക്കും. ആളുകളുടെ താത്പര്യം, മുൻഗണന, ആവശ്യങ്ങൾ കണ്ടെത്താൻ ദുരിതാശ്വാസ ക്യാമ്പുകളിൽ 18 അംഗ സംഘം സർവ്വെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബന്ധുക്കളും ഉറ്റവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ 21 പേരാണുള്ളത്. അഞ്ച് പുരുഷന്മാരും 10 സ്ത്രീകളും 18 വയസിൽ താഴെ പ്രായമുള്ള ആറ് പേരും അടിൽ ഉൾപ്പെടും. ഇവർ ഒറ്റയ്ക്കായി പോകാതിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.