The time limit for selling houses has been reduced to seven years for all those who have received housing benefit

ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ചു

എറണാകുളം ജില്ലാ അദാലത്തിൽ പ്രഖ്യാപനം

തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് 7 വർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകും. ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് 7 വർഷമാക്കി ചുരുക്കാൻ ജൂലൈ 1 നു ഉത്തരവായിരുന്നു. ജൂലൈ 1 നു മുൻപുള്ളവർക്കു 10 വർഷമായി നിബന്ധന തുടരുകയായിരുന്നു. 7 വർഷം എന്ന ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കാൻ എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ ഉത്തരവിട്ടു. 2024 ജൂലൈ 1 നു മുൻപ് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്കും ഇതോടെ ഈ ഇളവ് ലഭിക്കും. വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നൽകുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകൻ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം 8 വർഷം മുൻപ് ലഭിച്ച വീട് വിൽക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചത്