പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്ത അനാരോഗ്യമുള്ളവർക്ക് തുക വീട്ടിൽ എത്തിക്കും
തദ്ദേശ അദാലത്തിൽ പ്രഖ്യാപനം
ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകും. എറണാകുളം ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ വീട്ടിൽ സി. ഒ വർഗീസിന്റെ പരാതി പരിഹരിച്ചു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. അദാലത്തിൽ പരിഗണിച്ച ആദ്യ പരാതി ആയിരുന്നു ഇത്.
67 കാരനായ വർഗീസ് ബാങ്ക് വഴി നിലവിൽ ലഭിക്കുന്ന പെൻഷൻ തുക വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് ആക്കണം എന്ന് കാണിച്ച് അങ്കമാലി നഗരസഭയിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിക്ക് പരിഹാരം കാണാത്തതിനെ തുടർന്നാണ് തദ്ദേശ അദാലത്തിലേക്ക് എത്തിയത്. അദാലത്തിനെ കുറിച്ച് പത്രത്തിൽ വായിച്ച് അറിഞ്ഞതിനെത്തുടർന്ന് അക്ഷയ വഴിയാണ് പരാതി സമർപ്പിച്ചത്. വാർദ്ധക്യസഹജമായ അവശതകളും, കേൾവി ശക്തിക്ക് കുറവും നേരിടുന്ന വർഗീസിന് പെൻഷൻ തുക ബാങ്കിലെത്തി കൈപ്പറ്റുക എന്നത് ബുദ്ധിമുട്ടായിരുന്നു. പെൻഷൻ തുക, ഭാര്യ തയ്യൽ ജോലി ചെയ്തു കിട്ടുന്ന തുക എന്നിവയാണ് കുടുംബത്തിന്റെ വരുമാനം. പരാതി പരിഹരിച്ചുകൊണ്ട് നേരിട്ട് ഉത്തരവ് കൈമാറി.