Strong action will be taken against banned plastic manufacturing companies

നിരോധിത പ്ലാസ്റ്റിക് നിർമ്മാണ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

നിരോധിത പ്ലാസ്റ്റിക് നിർമ്മാണ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മൂവാറ്റുപുഴയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ബാഗ് നിർമാണ കമ്പനി റെയ്ഡ് ചെയ്ത് പൂട്ടിച്ച നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ നഗരസഭ ആരോഗ്യ വിഭാഗം എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 33 ടണ്ണോളം നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളും അസംസ്കൃത വസ്തുക്കളുമാണ് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനം നഗരസഭ ഔദ്യോഗികമായി അടച്ചുപൂട്ടി സീൽ ചെയ്തു. നാല് മണിക്കൂറോളം നീണ്ട റെയ്ഡിന് ഒടുവിലാണ് നടപടികൾ പൂർത്തിയായത്. നിയമാനുസൃത ഫൈൻ ഈടാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും നടപടികളും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു