ദേശീയ സ്വച്ഛ് സർവേക്ഷൺ റാങ്കിങ് മികവിൽ കേരളം: 100 മികച്ച നഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ
കേരളം മാലിന്യ സംസ്കരണ രംഗത്ത് കൈവരിച്ച സുസ്ഥിര മുന്നേറ്റങ്ങൾക്ക് ദേശീയ തലത്തിൽ അംഗീകാരം. ദേശീയതലത്തിൽ ശുചിത്വ റാങ്കിങ് നിശ്ചയിക്കുന്ന സ്വച്ഛ് സർവേക്ഷൺ സർവേ 2024 -2025 റാങ്കിംഗിലാണ് കേരളം മികച്ച പ്രകടനം കാഴ്ചവെച്ചത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായാണ് വാർഷിക ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതമാക്കുക, സുസ്ഥിര ശുചിത്വവും മാലിന്യ സംസ്കരണവും ഉറപ്പാക്കുക എന്നിവയാണ് ഈ സർവേയുടെയും അതുവഴിയുള്ള പുരസ്കാരങ്ങളുടെയും പ്രധാന ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ വിലയിരുത്തി, മികച്ച പ്രകടനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കൂടുതൽ മികവിലേക്ക് എത്താൻ അവരെ പ്രചോദിപ്പിക്കുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഈ സർവേയിൽ വീടുകളിലെ ശൗചാലയ സൗകര്യങ്ങൾ, വെളിയിടവിസർജ്ജന മുക്തി, കൈ കഴുകൽ സംവിധാനങ്ങൾ, ജൈവ-അജൈവ മാലിന്യ സംസ്കരണം, മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം തുടങ്ങിയവ വിലയിരുത്തും. വീടുകൾക്ക് പുറമേ പൊതു ഇടങ്ങൾ, ബസ് സ്റ്റാൻഡുകൾ, പഞ്ചായത്ത് പരിസരങ്ങൾ, സ്കൂളുകൾ, അങ്കണവാടികൾ, ആരാധനാലയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെയും ശുചിത്വനിലവാരം പരിശോധിച്ചാണ് ഓരോ നഗരത്തിന്റെയും റാങ്കിംഗ് നിശ്ചയിക്കുന്നത്.
സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ രാജ്യത്തെ മികച്ച 100 നഗരസഭകൾക്കുള്ളിലും, 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിങ്ങിനുള്ളിലും ഇടം നേടി. കൊച്ചി- 50,മട്ടന്നൂർ- 53,തൃശൂർ- 58,കോഴിക്കോട്- 70,ആലപ്പുഴ- 80,ഗുരുവായൂർ- 82,തിരുവനന്തപുരം- 89,കൊല്ലം- 93 എന്നിങ്ങനെയാണ് മികച്ച 100 നഗരസഭകളിൽ ലഭിച്ച റാങ്കിങ്. സ്പെഷ്യൽ കാറ്റഗറിയിലെ മിനിസ്റ്റീരിയൽ അവാർഡ് മട്ടന്നൂർ നഗരസഭയ്ക്ക് ലഭിച്ചു. വെളിയിട വിസർജ്ജനമുക്തമായ നഗരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന റാങ്കിംഗായ വാട്ടർ പ്ലസ് റേറ്റിംഗ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ നഗരമാണ് തിരുവനന്തപുരം. ഇതിന് പുറമേ 13 നഗരങ്ങൾക്ക് ഒഡിഎഫ്, 77 നഗരങ്ങൾക്ക് ഒഡിഎഫ് പ്ലസ്, കൊച്ചി, കൽപ്പറ്റ, ഗുരുവായൂർ നഗരസഭകൾക്ക് ഒഡിഎഫ് പ്ലസ് പ്ലസ് റേറ്റിംഗും സ്വന്തമാക്കി. മാലിന്യമുക്ത നഗരങ്ങൾക്കുള്ള (Garbage free city star rating) ത്രീ സ്റ്റാർ റേറ്റിംഗ് ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരങ്ങളും വൺ സ്റ്റാർ റേറ്റിംഗ് 20 നഗരങ്ങളും സ്വന്തമാക്കി.
മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക വിഭാഗത്തിൽ ദേശീയ പുരസ്കാരം
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ, മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ പ്രത്യേക വിഭാഗം പുരസ്കാരം നേടി ശ്രദ്ധേയമായി. മാലിന്യ നിർമാർജനത്തിൽ മട്ടന്നൂർ നടപ്പാക്കിയ ഫലപ്രദമായ പ്രവർത്തനങ്ങളാണ് പുരസ്‍കാരത്തിനർഹമായത്. അജൈവ മാലിന്യ ശേഖരണം, സംഭരണം, സംസ്കരണം എന്നിവ 100% പൂർത്തിയാക്കാൻ നഗരസഭയ്ക്ക് സാധിച്ചു. ഖരമാലിന്യ ശേഖരണം, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) പ്രവർത്തിക്കുന്ന 40 ടിപിഡി ചിക്കൻ വേസ്റ്റ് റെൻഡറിംഗ് പ്ലാന്റ്, സാനിറ്ററി മാലിന്യ സംസ്കരണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയ സമഗ്ര പദ്ധതികൾ മട്ടന്നൂർ നഗരസഭ വിജയകരമായി നടപ്പാക്കി. ഇവ കൂടാതെ, വേസ്റ്റ് ടു ആർട്ട് പദ്ധതികൾ, വണ്ടർ പാർക്കുകൾ, IEC (വിവര, വിദ്യാഭ്യാസ, ആശയവിനിമയ) ബോധവൽക്കരണ പരിപാടികൾ, RRR (Reduce, Reuse, Recycle) സെന്ററുകൾ, ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ, ജലസ്രോതസ്സുകളുടെ പരിപാലനം തുടങ്ങിയ നൂതന പ്രവർത്തനങ്ങളും മട്ടന്നൂരിനെ ശുചിത്വ മികവിൻ്റെ കേന്ദ്രമാക്കി മാറ്റി.
കേരളം മാലിന്യ സംസ്കരണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും നേടിയ മികച്ച നേട്ടങ്ങൾ സംസ്ഥാനത്തിന്റെ ശുചിത്വ ദൗത്യങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തി. സ്വച്ഛ് സർവേക്ഷൺ റാങ്കിംഗിലും വിവിധ വിഭാഗങ്ങളിലെ അംഗീകാരങ്ങളിലും കൈവരിച്ച ഈ മുന്നേറ്റം, ‘ശുചിത്വ കേരളം, സുസ്ഥിര കേരളം’ എന്ന സംസ്ഥാനത്തിന്റെ ദൗത്യത്തിന് കൂടുതൽ പിന്തുണയും ഊർജ്ജവും നൽകുന്നു. മട്ടന്നൂർ നഗരസഭ പോലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ രംഗത്ത് മാതൃകയായി മാറുന്നത്, ശുചിത്വ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാർ ഏജൻസികളും തദ്ദേശ സ്ഥാപനങ്ങളും ജനപങ്കാളിത്തവും തമ്മിലുള്ള ഏകോപിച്ചുള്ള പ്രവർത്തനത്തിന്റെ ഫലപ്രാപ്തിക്ക് ഉത്തമ ഉദാഹരണമാണ്. കേരളം സ്ഥാപിച്ച ഈ ഉയർന്ന ശുചിത്വ നിലവാരങ്ങൾ, ഭാവിയിൽ നഗരവികസനത്തിലും പരിസ്ഥിതി സംരക്ഷണ ദൗത്യങ്ങളിലും സമഗ്രമായ ഒരു ദിശാബോധം നൽകുന്നതായിരിക്കും.