Denmark to join hands with Kudumbashree in the caregiving sector

കെയർഗിവിംഗ് മേഖലയിൽ കുടുംബശ്രീയുമായി കൈകോർക്കാൻ ഡെന്മാർക്ക്

വയോജനശുശ്രൂഷ രംഗത്ത് കുടുംബശ്രീയുമായി കൈകോർക്കാനുള്ള സാധ്യത ചർച്ച ചെയ്ത് ഡെന്മാർക്ക്. ഡെന്മാർക്കിലെ വയോജനക്ഷേമ വകുപ്പ് മന്ത്രി മെറ്റേ കിർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്മാർക്ക് അംബാസിഡർ റസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റെൻസൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘമാണ് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷുമായി ചർച്ച നടത്തിയത്. നോർക്ക റൂട്ട്സുമായി ചേർന്നാകും തുടർനടപടികൾ സ്വീകരിക്കുക. കുടുംബശ്രീ പ്രവർത്തകരെ പരിശീലനം നൽകി ഡെന്മാർക്കിൽ കെയർ ഗിവിംഗ് രംഗത്ത് സോഷ്യൽ ഹെൽത്ത് കെയർ ഹെൽപ്പർമാരായി നിയോഗിക്കാനുള്ള സാധ്യതയാണ് ചർച്ച ചെയ്തത്. കേരളത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന കെ ഫോർ കെയർ പദ്ധതിയുടെ വിശദാംശങ്ങൾ സംഘം ചോദിച്ചറിഞ്ഞു. ജെറിയാട്രിക്, പാലിയേറ്റീവ് കെയർ രംഗത്തെ കുടുംബശ്രീ ഇടപെടൽ മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. വിഷയത്തിൽ അനുഭാവപൂർവ്വമായ തുടർനടപടികൾ സംഘം ഉറപ്പുനൽകി. ആതുരശുശ്രൂഷാ രംഗത്തെന്ന പോലെ കെയർഗിവിംഗ് രംഗത്തും ശ്രദ്ധേയമായ സംഭാവന നൽകാൻ കേരളത്തിന് കഴിയുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പാലിയേറ്റീവ് കെയർ രംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാതൃകാപരമായ ഇടപെടൽ ഉറപ്പുവരുത്തുന്നുണ്ട്. ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുടുംബശ്രീ ഈ രംഗത്ത് വിസ്മയകരമായ ഇടപെടലാണ് നടത്തുന്നത്. ഈ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അന്വേഷണങ്ങളെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ കെ ഫോർ കെയർ വഴി ആയിരത്തിലധികം പേരെയാണ് ഇതിനകം പരിശീലനം നൽകി വയോജന ശുശ്രൂഷ രംഗത്ത് വിന്യസിച്ചിരിക്കുന്നത്. നിപ്മർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ), എച്ച്എൽഎസ് പിപിടി(ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റ്), ആസ്പിരന്റ് ലേണിംഗ് അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരു മാസം നീണ്ട റസിഡൻഷ്യൽ പരിശീലനം കുടുംബശ്രീ നല്കുന്നത്. ഇതിന് ശേഷം ഇവരെ കേരളത്തിൽ ജോലിക്ക് വിന്യസിക്കുന്നു. ഡെന്മാർക്കിലേക്ക് നിയോഗിക്കണമെങ്കിൽ കൂടുതൽ വിപുലമായ പരിശീലനവും, ഡാനിഷ് ഭാഷാ പഠനവും അനിവാര്യമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് തുടർ ചർച്ചകളിൽ തീരുമാനമാവും. തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി അനുപമ ടി വി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.