അഞ്ച്‌ വർഷം കൊണ്ട്‌ അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സർവേയിലൂടെ സർക്കാർ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മതല സ്പര്‍ശിയായ മൈക്രോപ്ലാൻ ആഗസ്റ്റ്‌ 31നകം തയ്യാറാക്കും. ഭക്ഷണമോ വീടോ ചികിത്സയോ വരുമാനമോ തുടങ്ങി, സർവ്വെയിലൂടെ കണ്ടെത്തിയ ഓരോ കുടുംബത്തിന്റെയും പ്രശ്നമെന്തെന്ന് പഠിച്ച്‌ സമഗ്രമായ പരിഹാരമാർഗം നിർദേശിക്കുന്നതാകും ഈ മൈക്രോപ്ലാൻ. ഉടൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ അങ്ങനെയും ഹ്രസ്വ ദീർഘകാലം കൊണ്ട്‌ പരിഹരിക്കേണ്ടവ അത്തരത്തിലും ചെയ്തുകൊണ്ട്‌, അടുത്ത നാല്‌ വർഷം കൊണ്ട്‌ ഈ കുടുംബങ്ങളെ പടിപടിയായി വിഷമതകളിൽ നിന്ന് കരകയറ്റും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാകും പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹിക ഉത്തരവാദിത്തത്തിലൂടെ അതിദാരിദ്രം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.