കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച അടച്ചിടല്‍ നടപടികളെ നേരിടുന്നതിന്‍റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും സമൂഹ അടുക്കളകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനവും കുടുംബശ്രീയും ചേര്‍ന്നാണ് സമൂഹ അടുക്കള സംഘടിപ്പിക്കുന്നത്. നഗരസഭകളില്‍ അതിവേഗം സമൂഹ അടുക്കളയുടെ സേവനം ലഭ്യമാക്കാനാണ് നഗരസഭകളും കുടുംബശ്രീയും ശ്രമിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നായി തൊഴില്‍ ആവശ്യങ്ങള്‍ക്ക് എത്തിയവരും സ്വന്തമായി പാചകം ചെയ്യാത്തവരും കൂടുതലായി താമസിക്കുന്നതിനാലാണ് നഗരസഭകളില്‍ അടിയന്തര പ്രാധാന്യത്തോടെ അടുക്കള സജ്ജമാക്കുന്നത്. ഇടത്തരക്കാര്‍, ഫ്ളാറ്റുകളിലെ താമസക്കാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ അടുക്കളുടെ പ്രയോജനം ലഭിക്കും. ആവശ്യക്കാരെ മൂന്ന് തട്ടുകളായി തിരിച്ചാണ് ഭക്ഷണത്തിന്‍റെ വിതരണം. തീര്‍ത്തും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കുമെങ്കിലും ഇടത്തരക്കാര്‍, ഉയര്‍ന്ന വരുമാനക്കാര്‍ എന്നിവരില്‍ നിന്ന് ഉച്ചഭക്ഷണത്തിന് 20 രൂപ വീതം ഒരു ഭക്ഷണപൊതിക്ക് ഈടാക്കും. വീടുകളിലെത്തിച്ച് നല്‍കുന്നതിന് 5 രൂപ അധികമായും ഈടാക്കും. രാവിലെയും വൈകീട്ടുമുളള ഭക്ഷണത്തിന് സാധാരണ നിരക്ക് ഈടാക്കും. ഭക്ഷണ വിതരണത്തിന് വാര്‍ഡ് അടിസ്ഥാനത്തില്‍ സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി വിതരണശൃംഖല ഉണ്ടാക്കും. ഇതിനായി 10 പേരെ വീതം ഓരോ വാര്‍ഡില്‍ കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Please follow and like us: