കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കുന്നംകുളത്തേയും അക്കിക്കാവിലേയും പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങൾ തിങ്കളാഴ്ച (മാർച്ച് 9) തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയതീൻ ഉദ്ഘാടനം ചെയ്യും. കുന്നംകുളത്ത് വൈകീട്ട് മൂന്നിനും അക്കിക്കാവിൽ നാലിനുമാണ് സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം. കുന്നംകുളം സബ് രജിസ്ട്രാർ കെട്ടിടോദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൻ സീതാരവീന്ദ്രൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. കുന്നംകുളത്തെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രണ്ടു കോടി രൂപ ചെലവിലാണ് നിർമ്മിച്ചിട്ടുള്ളത്. പഴയ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന ജവഹർ സ്‌ക്വയർ സ്റ്റേഡിയത്തിന് പിറകിലായാണ് പുതിയ കെട്ടിടവും പണിതിട്ടുള്ളത്. ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ, സന്ദർശകർക്കുള്ള വിശ്രമ മുറി, വലിയ തോതിൽ മഴവെള്ളം സംഭരിക്കാവുന്ന സംഭരണി എന്നിവയും ഇവിടെയുണ്ട്. ഇപ്പോൾ ആർത്താറ്റ് വാടക കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് താത്കാലികമായി പ്രവർത്തിക്കുന്നത്. 98 ലക്ഷം രൂപ ചെലവഴിച്ചാണ് അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കൊരട്ടിക്കരയിലെ താത്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. അക്കിക്കാവിലെ ഉദ്ഘാടന ചടങ്ങിൽ പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു അധ്യക്ഷത വഹിക്കും. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന, കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

Please follow and like us: